തിരുവല്ല: എം.സി റോഡ് വികസിപ്പിച്ചിട്ടും ഇടിഞ്ഞില്ലത്തും പ്ലാവിൻചുവടും പെരുന്തുരുത്തിയിലും അപകടങ്ങൾ പതിവാണ്. അരകിലോമീറ്ററിന് ഉള്ളിലാണ് ഈസ്ഥലങ്ങൾ. അടുത്തകാലത്ത് നിരവധി അപകടങ്ങൾ ഇവിടെയുണ്ടായി. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നത്. ഇരുചക്ര വാഹനയാത്രികരാണ് മരണപ്പെടുന്നതിലേറെയും. ഇന്നലെ വൈകിട്ട് നാലുമണി കഴിഞ്ഞായിരുന്നു ബസ് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തെ തുടർന്ന് വലിയ ശബ്ദംകേട്ട് ഓടിക്കൂടിയവർ ഭയന്നുപോയ കാഴ്ചയായിരുന്നു. ഇടിഞ്ഞില്ലത്തെ വളവിൽ സ്ഥിതിചെയ്യുന്ന ജോൺസ് ബെർഗ് ആർക്കേഡിലെ താഴത്തെ നിലയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഉൾപ്പെടെ ഇടിച്ചുതകർത്ത ബസ് എമിറേറ്റ്സ് കണ്ണാടി കടയുടെ ചില്ലുകളും ഇടിച്ചു പൊട്ടിച്ചാണ് നിന്നത്. കടയിലെ റിസപ്‌ഷനിൽ ജോലി ചെയ്തിരുന്ന രണ്ടു യുവതികൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. കെട്ടിടത്തിനും വലിയ നാശനഷ്ടം ഉണ്ടായി. അപകട സ്ഥലത്ത് ഉണ്ടായിരുന്ന രണ്ടുയുവാക്കളും ഒാടി രക്ഷപ്പെടുകയായിരുന്നു. കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസിൽ 35 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റു. ബസിനടിയിൽ കുടുങ്ങി ചോരയിൽ കുതിർന്നുക്കിടന്ന ജെയിംസിനെയും ആൻസിയെയും ഓടിക്കൂടിയ ആളുകൾ ഏറെ ബദ്ധപ്പെട്ടാണ് പുറത്തെത്തിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിച്ച ഇവരെ പിന്നാലെയെത്തിയ ബസ് ഇടിക്കുകയായിരുന്നു. ബസിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് വിവിധ ആശുപത്രികളിൽ എത്തിച്ചത്.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അപകട കാരണം
തിരുവല്ല: കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കണ്ണിൽ ഇരുട്ട് കയറുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം കുമാരനല്ലൂർ അജയ് ഭവനിൽ എ.ജി. അജയകുമാറാണ് (38) കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ചെറിയ പരിക്കുകളോടെ കടത്തിണ്ണയിൽ കുത്തിയിരുന്ന അജയകുമാറിനെ പിന്നീട് ആശുപത്രിയിൽ കൊണ്ടുപോയി. കോട്ടയം സൗത്ത് പാമ്പാടി പള്ളിപ്പടിയിൽ വിത്സൻ (40) ആയിരുന്നു കണ്ടക്ടർ. ചെറിയ പരിക്കേറ്റ ഇരുവരും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.