പത്തനംതിട്ട : താഴൂർ ഭഗവതി ക്ഷേത്ര സമർപ്പണം താഴമൺമഠം കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ നാളെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9:52നും 10:39നും മദ്ധ്യേയാണ് പുനഃപ്രതിഷ്ഠ. പുറത്തുള്ള പ്രദക്ഷിണ വഴിയടക്കം കൃഷ്ണശിലയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര ശ്രീകോവിൽ, നമസ്‌ക്കാര മണ്ഡപം, ചുറ്റമ്പലം, ബലിക്കൽപ്പുര, യക്ഷിയമ്പലം ഉൾപ്പെടെ ഏകദേശം 5600 ചതുരശ്ര അടി വിസ്തീർണത്തിലാണ് തയാറാക്കിയിരിക്കുന്നത്. തനതു കേരളീയ വാസ്തു വിദ്യാശൈലി പിന്തുടർന്നുള്ള ക്ഷേത്ര നവീകരണം നാല് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ആറന്മുള വാസ്തു വിദ്യാഗുരുകുലത്തിലെ പ്രധാന അദ്ധ്യാപകനും സ്ഥപതിയുമായ എ.ബി.ശിവനാണ് ക്ഷേത്ര സമുച്ചയത്തിന്റെ രൂപകല്പനയും നേതൃത്വവും നിർവഹിച്ചത്. തൃശൂർ സ്വദേശികളായ സുരേഷ് മുത്താചാരി മേൽക്കൂരയുടെ തടിപ്പണികളും സുധീർകുമാർ തടികളിലെ കൊത്തുപണികളും ശിലാനിർമ്മിതികൾ തൃശിനാപ്പളളി സ്വദേശി ദ്വരൈരാജ് ആചാരി, മാർക്കണ്ഡേയൻ എന്നിവരുടെയും നേതൃത്വത്തിലുമാണ് പൂർത്തിയായത്. ശ്രീകോവിലിലെ പഞ്ചവർഗതറ, വ്യാളിമുഖത്തോടുകൂടിയ സോപാനം, ചുമരുകളിലെ ഗണപതി, സരസ്വതി, ദേവതാസങ്കൽപങ്ങൾ തുടങ്ങിയ കൊത്തുപണികൾ ആരേയും ആകർഷിക്കും. ക്ഷേത്രത്തിലെ തൂണുകൾ പൂർണമായും ഒറ്റക്കല്ലിൽ തീർത്തതാണ്. ഇതിൽ കാർത്തിക ദീപം തെളിയിക്കുന്ന ദീപകന്യകമാരെയും കാണാം. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരുകളിൽ 51 അക്ഷരങ്ങളിലും നിറയുന്ന ദേവീമന്ത്ര രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ബലിക്കൽപ്പുരയുടെ ചുമുരുകളിൽ കാണുന്ന വ്യാളിമുഖത്തോടുകൂടിയ ചാരുകാലുകൾ, മച്ചിലായി നവഗ്രഹങ്ങൾ, ദേവീഭാഗവതത്തിലെ ദേവിയുടെ ഉല്പത്തി എന്നിവയൊക്കെ ശില്പകലാ ചാരുതയിൽ ക്ഷേത്രത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നു. യക്ഷി അമ്പലത്തിലെ ഒറ്റകല്ലിൽ തീർത്ത ചങ്ങലയാണ് മറ്റൊരു അതിശയം. ക്ഷേത്രത്തിലെ മണിക്കിണറും മുഖ്യ ആകർഷണമാണ്. പൂർണമായും പ്ലാവ്, തേക്ക്, ആഞ്ഞിലി എന്നീ തടികളാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവാതിൽ കട്ടളയുടെ മുകൾഭാഗത്തെ പടയണി, മറ്റു ദേവതാ സങ്കൽപ്പങ്ങൾ, കതകുകളിലെയും സൂത്രപട്ടികയിലെയും ദേവീദേവ സങ്കല്പങ്ങൾ, വലിയമ്പലത്തിന്റ മുഖപ്പുകളിൽ ദേവതാ സങ്കൽപ്പങ്ങൾ തുടങ്ങിയവ ദാരുശില്പകലയുടെ സൗന്ദര്യം വിളിച്ചോതുന്നവയാണ്. ഏറ്റവും അധികം വഴിപാട് കോലങ്ങൾ അണിനിരക്കുന്ന ക്ഷേത്രം എന്ന നിലയിലും പ്രസിദ്ധമാണ് താഴൂർ ഭഗവതി ക്ഷേത്രം. പ്രസിഡന്റ് ജി.ജയപ്രകാശ്, വൈസ് പ്രസിഡന്റ് എൻ.പി ജനാർദ്ദനൻ നായർ, ട്രഷറർ ഇ.ജി സുകുമാരൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.