tt

പന്തളം:മകരസംക്രമവേളയിൽ ശബരിമലയിൽ അയ്യപ്പസ്വാമിക്ക് ചാർത്തിയ തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് ഘോഷയാത്ര എത്തിയത്.
എം.സി.റോഡിൽ പന്തളം വലിയപാലത്തിൽ വച്ച് പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, കൗൺസിലർമാരായ പുഷ്പലത, കെ.ആർ. രവി, ശ്രീദേവി കെ.വി എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയും തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി.എം. തങ്കപ്പൻ, അസിസ്റ്റന്റ് കമ്മിഷണർ എസ്. അജിത്കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. രാജീവ് കുമാർ എന്നിവരും ക്ഷേത്രോപദേശക സമിതിക്കു വേണ്ടി പ്രസിഡന്റ് ജി. പൃഥ്വിപാൽ, വൈസ് പ്രസിഡന്റ് കല കുമാർ സെക്രട്ടറി ശരത് എന്നിവരുടെ നേതൃത്വത്തിലും സ്വീകരിച്ചു.
മണികണ്ഠനാൽത്തറയിലെത്തിയപ്പോൾ അഖിലഭാരത അയ്യപ്പസേവാസംഘം സെക്രട്ടറി രാജീവ് കോന്നി, താലൂക്ക് പ്രസിഡന്റ് എൻ. വേലായുധൻ നായർ, യൂണിറ്റ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രത്തിനു വേണ്ടി പ്രസിഡന്റ് എം.ബി. ബിനുകുമാർ, സെക്രട്ടറി ജി. വാസുദേവൻ പിള്ള എന്നിവരും സ്വീകരിച്ചു.
മേടക്കല്ലിലെത്തിയ ഘോഷയാത്രയെ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി എൻ. നാരായണ വർമ്മ, ട്രഷറർ ദീപാവർമ്മ എന്നിവരുടെ നേതൃത്വത്തിൽ പന്തളം കൊട്ടാരം, പാലസ് വെൽഫെയർ സൊസൈറ്റി, ക്ഷത്രിയക്ഷേമസഭ എന്നിവരും സ്വീകരിച്ച് സ്രാമ്പിക്കൽ കൊട്ടാരത്തിലേക്ക് ആനയിച്ചു.
20ന് ശബരിമലയിൽ നിന്നു തിരിച്ച ഘോഷയാത്ര വെളളിയാഴ്ച വൈകിട്ട് ആറന്മുളയിലെത്തി രാത്രി അവിടെ വിശ്രമിച്ച് ഇന്നലെ പുലർച്ചെ നാലരയോടെയാണ് പുനരാരംഭിച്ചത്. ഉള്ളന്നൂർ കുളക്കരയിലെത്തിയപ്പോൾ പാർത്ഥസാരഥി സേവാസമിതി, കമ്പനിപ്പടിയിൽ അയ്യപ്പ സേവാസമാജം, പൈവഴിയിൽ ഉള്ളന്നൂർ ശ്രീഭദ്രാദേവീക്ഷേത്രോപദേശകസമിതി, പാറയിൽ ഹിന്ദു ഐക്യവേദി, പുതുവാക്കലിൽ ഗ്രാമീണ വായനശാല എന്നിവ സ്വീകരിച്ചു.
കുളനട ഭഗവതി ക്ഷേത്രത്തിൽ കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. മോഹൻദാസ്, അംഗം വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചു. ഗുരുനാഥൻമുകടി ക്ഷേത്രം, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി എന്നിവയും ഘോഷയാത്രയ്ക്കു സ്വീകരണം നൽകി.

-----------

തിരുവാഭരണങ്ങൾ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലെ സുരക്ഷിത മുറിയിലേക്കു മാറ്റി. ഇനി അയ്യപ്പന്റ പിറന്നാളായ കുംഭത്തിലെ ഉത്രം ഉത്സവത്തിനും മേടമാസത്തിലെ വിഷുവിനും പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്താൻ മാത്രമേ തിരുവാഭരണം പുറത്തെടുക്കു.