കൊടുമൺ: കഴിഞ്ഞകാലങ്ങളിൽ മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികൾ അവഗണിച്ച് മാവരപ്പാറയുടെ വികസനത്തിന് പന്തളം നഗരസഭയിലെ പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ പുതിയ പദ്ധതികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സമീപപ്രദേശങ്ങളിലെ ജനങ്ങൾ. ഗ്രാമീണ ടൂറിസം പദ്ധതികൾക്ക് ഏറെ അനുകൂലമായ സ്ഥലമാണ് ഇവിടെ. എത്ര വികൃതമാക്കാൻ ശ്രമിച്ചാലും അതിലേറെ വശ്യമാകുന്നതാണ് മാവരപ്പാറയൊരുക്കുന്ന ദൃശ്യ ഭംഗി. മുറിവേറ്റ പാറക്കെട്ടുകൾക്കിടയിലൂടെ കൺകുളിർക്കുന്ന കാഴ്ചയാണ്, ഇന്നും മാവര പുഞ്ചയും വലിയ തോടും. മാവരപ്പാറയിലെ പ്രകൃതി വിരുന്ന് കൊവിഡ് ആശങ്കകൾക്കിടയിലും ആശ്വാസം നൽകുന്നു. കൊവിഡ് ഭീതി മാറി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരെ കാത്തിരിക്കുകയാണ് മാവരപ്പാറയിലെ കാഴ്ചകൾ. ഗ്രാമീണ ടൂറിസം മേഖലയ്ക്ക് ഏറെ സാദ്ധ്യതയുള്ള പ്രദേശം കൂടിയാണ് ഇവിടം. പന്തളം കുരമ്പാലയിലെ മാവരപ്പാറ പച്ചപ്പിന്റെ കുളിർമ ആസ്വദിക്കാൻ എത്തുന്നവർക്കുള്ള കാഴ്ചകൾ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. മാവരപ്പാറയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന പൗവ്വത്തു മലയും മാവരപുഞ്ചയുമെല്ലാം കാണേണ്ട കാഴ്ചകൾ തന്നെയാണ്. മാവരപ്പാറയ്ക്ക് മുകളിൽ നിന്നുള്ള കാഴ്ചകൾ മനോഹാര്യത നിറഞ്ഞതാണെങ്കിലും സുരക്ഷിതമല്ലാത്ത വഴി അപകടം നിറഞ്ഞത് കൂടിയാണ്. മുകളിലെ പാറയിൽ നിന്നും താഴോട്ട് നോക്കിയാൽ കാണുന്ന പാടവും പച്ചപ്പും വിവരണാതീതമാണ്. പച്ചപ്പ് വിരിച്ച് അതിഥികളെ കാത്തിരിക്കുകയാണ് ഇവിടം. ഗ്രാമീണ ടൂറിസം പദ്ധതിക്ക് എറെ അനുയോജ്യമായ ഇടമാണ് മാവരപ്പാറയെങ്കിലും ഇതുവരെയും അങ്ങനെയൊരു പരിഗണന ലഭിച്ചിട്ടില്ല. എങ്കിലും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ തിയോ ഡലൈറ്റ് കാമറ സ്ഥാപിച്ചിരിക്കുന്നത് മാവരപ്പാറയ്ക്ക് മുകളിലാണ്.
കുരമ്പാല കോലയിൽ ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ
എം.സി റോഡിലെ കുരമ്പാല കോലയിൽ ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് പോകുമ്പോഴാണ് കണ്ണിനും മനസിനും കുളിർമയേകുന്ന മാവരപ്പാറ സ്ഥിതി ചെയ്യുന്നത്. ടൂറിസം മേഖലയ്ക്ക് കൂടുതൽ നൽകി കേന്ദ്രസഹായത്തോടെ ഇവിടെ ഇനിയും കൂടുതൽ സൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളും തയ്യാറാക്കും എന്ന വിശ്വാസത്തിലാണ് നാട്ടുകാർ.