അടൂർ: ഹാസ്യ സാഹിത്യകാരൻ ഇ.വി കൃഷ്ണപിള്ളയുടെ പേരിലുള്ള ഇ.വി റോഡ് രണ്ട് കോടി രൂപ ചെലവിൽ നവീകരിക്കുന്നതിന് കരാർ ഒപ്പിട്ടു. വർഷങ്ങളായി തകർന്ന് കിടക്കുന്ന ചേന്ദംപള്ളി -പെരിങ്ങനാട് -നെല്ലിമുകൾ റോഡിന്റെ ഒന്നര കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടമായി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക.ശേഷിക്കുന്ന ഭാഗം രണ്ടാം ഘട്ടമായി അഞ്ച് കോടി രൂപ ചെലവഴിച്ച് നവീകരിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചു. ഭരണനുമതി ലഭിക്കുന്ന മുറയ്ക്ക് അതും നവീകരണം നടത്തും.നിരവധി പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും തുകയിലെ കുറവ് കാരണം ആരും മുന്നോട്ടുവന്നില്ല. ഇൗ സാഹചര്യം കണക്കിലെടുത്ത് ചിറ്റയം ഗോപകുമാർ എം.എൽ.എ ഇടപെട്ട് എസ്റ്റിമേറ്റ് റിവൈസ് ചെയ്യിപ്പിച്ചതോടെയാണ് കരാർ ഉറപ്പിക്കാനായത്. ടെൻഡർ ഉറപ്പിച്ചതോടെ ഉടൻതന്നെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമാകും. പെരിങ്ങനാട്ടെ ഇ.വിയുടെ കുടുംബവീടിന് മുന്നിലൂടെ കടന്നുപോകുന്ന ഇൗ പാത നവീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നിരുന്നു. ബസ് സർവീസ് ഉൾപ്പെടെ നൂറ്കണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന പാതയാണിത്. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കെട്ടുകാഴ്ച നടക്കുന്ന പെരിങ്ങനാട് ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയും ഇതുതന്നെ.
എത്രയും വേഗം റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് പി.ഡബ്ളിയു ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി
ചിറ്റയം ഗോപകുമാർ
(എം.എൽ.എ)
-ആദ്യഘട്ടത്തിൽ ഒന്നര കിലോമീറ്റർ
- രണ്ടാം ഘട്ടത്തിന് 5 കോടി