പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 190മത്തെ സ്‌നേഹഭവനം ചെത്തോങ്കര പറപ്പള്ളിൽ മേപ്പറത്ത് നീതുവിനും കുടുംബത്തിനും നൽകി. തുമ്പമൺ കീരുകുഴി ശാന്തിപീഠത്തിൽ റിട്ട. അദ്ധ്യാപകൻ കെ.എസ്. ജേക്കബി (95) ന്റെ സഹായത്താലാണ് വീട് നിർമ്മിച്ചത്. താക്കോൽ ദാനവും ഉദ്ഘാടനവും കെ.എസ്.ജേക്കബിന്റെ മകൻ ജെയിംസ് ജേക്കബും, സോമോൾ ജെയിംസും ചേർന്ന് നിർവഹിച്ചു.
വീടോ, സ്ഥലമോ ഇല്ലാതെ ഭർത്താവ് ഉപേക്ഷിച്ച് മൂന്നാംക്ലാസിൽ പഠിക്കുന്ന മകളും കാൻസർ രോഗിയായ പിതാവിനോടും അമ്മയോടും ഒപ്പം സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുകയായിരുന്നു നീതു. ചികിത്സയ്ക്കും വീടിനുമായി പല വാതിലുകൾ മുട്ടിയെങ്കിലും ഒരു സഹായവും എങ്ങുനിന്നും കിട്ടിയില്ല. മൂന്നര ലക്ഷം രൂപ ചെലവിട്ട് രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ വീടാണ് നിർമ്മിച്ചത്.
ചടങ്ങിൽ വാർഡ് മെമ്പർ ജിജി തോമസ്, പ്രൊഫ. ജേക്കബ് കോര, കെ.പി. ജയലാൽ, ബാലരാജ്, മിന്റു പി. ജേക്കബ് എന്നിവർ പങ്കെടുത്തു.