
തിരുവല്ലയിൽ ഫിലമെന്റ് രഹിത കേരളം പദ്ധതി തുടങ്ങി
തിരുവല്ല: ഊർജ്ജം ലാഭിക്കാനായി വൈദ്യുതി ബോർഡിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതി കെ.എസ്ഇ.ബി തിരുവല്ല ഡിവിഷനിൽ നടപ്പാക്കിത്തുടങ്ങി. വൈദ്യുതി കൂടുതൽ വേണ്ട സാധാരണ ബൾബുകളും സി.എഫ്.എൽ ബൾബുകളും ഒഴിവാക്കി കുറഞ്ഞ വൈദ്യുതി ചെലവിലുള്ള എൽ.ഇ.ഡി ബൾബുകൾ വീടുകളിൽ വ്യാപകമാക്കി വൈദ്യുതി ലാഭിക്കുക എന്ന പദ്ധതിയാണ് ഫിലമെന്റ് രഹിത കേരളം. ഒരു വീട്ടിലേക്ക് പരമാവധി 20 എൽ.ഇ.ഡി ബൾബുകളാണ് ഇതുപ്രകാരം ലഭിക്കുന്നത്. ഒരു ബൾബിന്റെ വില 65 രൂപയാണ്. ഉപഭോക്താക്കൾ വാങ്ങുന്ന ബൾബുകളുടെ വില മൂന്ന് രീതിയിൽ അടയ്ക്കാം. വൈദ്യുതി ബില്ലിനൊപ്പമോ അല്ലെങ്കിൽ കെ.എസ്ഇ.ബി ഓഫിസിൽ നേരിട്ടോ അടയ്ക്കാം. ഒരുമിച്ച് അടയ്ക്കാൻ കഴിയാത്തവർക്ക് 6 തവണകളായി വൈദ്യുതി ബില്ലിന്റെ കൂടെയും നൽകാം. ഓരോ അങ്കണവാടികൾക്കും മൂന്ന് ബൾബുകൾ വീതം സൗജന്യമായും ലഭിക്കും. കെ.എസ്.ഇ.ബിയുടെ പോർട്ടലിൽ റജിസ്റ്റർ ചെയ്തവർക്കാണ് ആദ്യഘട്ടത്തിൽ ബൾബുകൾ ജീവനക്കാർ വീടുകളിൽ എത്തിച്ചു നൽകുക. ആവശ്യക്കാർക്ക് പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്.
91000 എൽ.ഇ.ഡി ബൾബുകൾ
കെ.എസ്ഇ.ബി തിരുവല്ല ഡിവിഷന്റെ കീഴിൽ ആദ്യഘട്ടത്തിൽ 91000 എൽ.ഇ.ഡി ബൾബുകളാണ് ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരുവല്ല, മണിപ്പുഴ, കടപ്ര, തോട്ടഭാഗം, കുമ്പനാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, വായ്പൂര് തുടങ്ങിയ സെക്‌ഷൻ ഓഫിസുകൾ മുഖേനയാണ് എൽ.ഇ.ഡി. ബൾബുകളുടെ വിതരണം നടക്കുന്നത്. ഇതുവരെ 3500 എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്തു. പദ്ധതിയുടെ തിരുവല്ല നഗരസഭാതല ഉദ്ഘാടനം അങ്കണവാടികൾക്ക് ബൾബുകൾ വിതരണം ചെയ്ത് നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ നിർവഹിച്ചു. കെ.എസ്ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ മധു എം.വി, അതാത് സെക്ഷനുകളിലെ അസി.എക്സി.എൻജിനീയർ, അസി.എൻജിനീയർ, സൂപ്രണ്ട് എന്നിവരാണ് എൽ.ഇ.ഡി ബൾബ് വിതരണത്തിന് മേൽനോട്ടം വഹിക്കുന്നത്.
വ്യാജന്മാരെ സൂക്ഷിക്കണേ...
പദ്ധതി തുടങ്ങിയതോടെ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീടുകളിലെത്തി നിലവാരമില്ലാത്ത എൽ.ഇ.ഡി. ബൾബുകൾ നൽകി പണം തട്ടുന്ന സംഘങ്ങളും വ്യാപകമായിട്ടുണ്ട്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ബൾബുകൾ നൽകുമ്പോൾ യാതൊരു വിലയും ആസമയത്ത് ഈടാക്കുന്നില്ല. ഇതിന്റ വില അടുത്ത ബില്ലിനൊപ്പമാണ് അടയ്‌ക്കേണ്ടത്. ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.