പത്തനംതിട്ട : കൊവിഡ് മഹാമാരിക്ക് മുമ്പിൽ തോറ്റുകൊടുക്കാൻ തയാറല്ല പ്രമാടം നോതാജി ഹയർ സെക്കൻഡറി സ്‌കൂൾ. പഠനം ഓൺലൈനിലേക്ക് മാറിയെങ്കിൽ സ്‌കൂൾ വാർഷിക ദിനാഘോഷവും ഓൺലൈനിലേക്ക് മാറാമെന്ന് തെളിയിച്ചിരിക്കുകയാണ് നേതാജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-ാം ജന്മദിനമാണ് സ്‌കൂളിലെ വാർഷിക ദിനമായി ആഘോഷിക്കുന്നത്. വിദ്യാർത്ഥികളുടെ കലാവിഷ്‌കാരങ്ങളും അതിഥികളുടെ പ്രഭാഷണങ്ങളും നേരത്തെ ഷൂട്ട് ചെയ്ത് വിഡിയോ രൂപത്തിലാക്കി. യൂടൂബ് സ്വിച്ച് ഓൺ കർമ്മം സ്‌കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള നിർവഹിച്ചു. നേതാജി യൂടൂബ് ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങി. നാടക -ചലച്ചിത്ര നടൻ അമൽ രാജ് ദേവ് ഉദ്ഘാടനം ചെയ്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള,ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത്, റിട്ട.അറ്റാഷെ കെ.എസ്.ധർമ്മരാജ്,പഞ്ചായത്തംഗം ലിജ ശിവ പ്രകാശ്, പി.ടി.എ പ്രസിഡന്റ് വി.ശ്രീനിവാസൻ,ഹെഡ്മാസ്റ്റർ കെ.ജയകുമാർ,പ്രിൻസിപ്പൽ ഇൻചാർജ് ആർ. ദിലീപ് എന്നിവർ പ്രസംഗിച്ചു.