കോന്നി : തിരഞ്ഞെടുപ്പ് തൊട്ടരികിൽ നിൽക്കവെ വ്യാജ വാർത്തകൾ ചമച്ച് പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവർ എല്ലാക്കാലവും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയ ചൂതാട്ടക്കാരാണെന്ന് കെ.പി.സി.സി ഒബിസി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ പറഞ്ഞു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് കത്ത് എഴുതിയവരുടെ കൂട്ടത്തിൽ പേര് വന്നതിനെതിരെയാണ് പ്രവീൺ പ്രതീകരിച്ചത്. പ്രവീൺ അറിയാതെ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തിയത് നെറികെട്ട രാഷ്ട്രീയം കളിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പാർട്ടിയുടെ വിജയസാദ്ധ്യത അട്ടിമറിക്കുന്നതിനാണ് ഇപ്പോൾ ജാതി രാഷ്ട്രീയവുമായി ഇത്തരക്കാർ ഇറങ്ങിയിരിക്കുന്നതെന്നും കോന്നിയിലെ മതേതരമൂല്യം ഉയർത്തിപ്പിടിക്കുന്ന സാധാരണ പാർട്ടിപ്രവർത്തകരിൽ ആശയക്കുഴപ്പം വളർത്തി കോൺഗ്രസ് പാർട്ടിയുടെ സാദ്ധ്യത തല്ലിക്കെടുത്താനെ ഇത്തരം വ്യാജവാർത്തകൾകൊണ്ട് സാധിക്കുകയുള്ളുവെന്നും പ്രവീൺ പ്ലാവിളയിൽ ആരോപിച്ചു. കെ.പി.സി.സി ഒബിസി ഡിപ്പാർട്ട്‌മെന്റിന്റെ അഭിപ്രായം പാർട്ടിവേദിയിൽ തുറന്നുപറയുമെന്നും പ്രവീൺ പ്ലാവിളയിൽ അറിയിച്ചു.