koodal
കൂടൽ ജംഗ്ഷനിലെ മാലിന്യം നിറഞ്ഞ തോട്

കൂടൽ: '' കണ്ണും മനസും മരവിച്ചവരെപ്പറ്റി എന്തു പറയാൻ...'' കൂടൽ ജംഗ്ഷനിൽ തെളിഞ്ഞൊഴുകിയിരുന്ന തോട് മാലിന്യം നിറഞ്ഞ് വഴിമുട്ടിയ കാഴ്ച കണ്ട് ഒരു നാട്ടുകാരൻ പറഞ്ഞതാണിത്. ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിനടുത്ത് റോഡിന് അടിവശത്ത് കൂടിയുള്ള തോട്ടിലാണ് മാലിന്യം നിറഞ്ഞത്. പ്ളാസ്റ്റിക് കുപ്പികളും ഇറച്ചി മാലിന്യം നിറച്ച കവറുകളും പച്ചക്കറി മാലിന്യവും കല്ലുകളും നിറഞ്ഞ് തോട്ടിലെ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നു. കലുങ്കിന് ഇരുവശത്തെയും വെള്ളത്തിൽ കിടക്കുന്ന മാലിന്യം ചീഞ്ഞളിഞ്ഞ് പ്രദേശത്ത് ദുർഗന്ധം പരത്തുന്നുണ്ട്. കാക്കകളും തെരുവു നായ്കളുമെല്ലാം മാലിന്യം വലിച്ചെടുത്ത് കരയ്ക്കിടുകയാണ്. ഒട്ടോറിക്ഷക്കാരും സമീപത്തെ കടകളിൽ എത്തുന്നവരും ദുർഗന്ധം സഹിക്കാൻ വയ്യാതെ മൂക്കുപൊത്തി പൊകുന്ന സ്ഥിതി. പുനലൂർ - മുവാറ്റുപുഴ റോഡരികിലെ കൂടൽ ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. ജംഗ്ഷനിലെ ചില വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം രാത്രിയിൽ തോട്ടിൽ തള്ളുന്നതെന്ന് ആക്ഷേപമുണ്ട്. ഇവിടെ മാലിന്യം തള്ളാൻ മറ്റുള്ളവർക്കും ഇത് പ്രചോദനമാകുന്നു. തോട് വൃത്തിയാക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി സ്ഥാപിക്കണം.മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. അനാസ്ഥ തുടർന്നാൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താനൊരുങ്ങുകയാണ് പ്രദേശവാസികൾ.

'' മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നൽകാൻ പഞ്ചായത്തും പൊലീസും തയ്യാറാകണം.

(ഒട്ടോറിക്ഷ തൊഴിലാളികൾ)

-മാലിന്യം തള്ളുന്നത് ജംഗ്ഷനിലെ തോട്ടിൽ

-സി.സി ടി.വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

-പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല