പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് പമ്പയിൽ നിന്ന് സാധനങ്ങൾ എത്തിക്കുന്നതിനും അത്യാഹിതങ്ങൾ ഉണ്ടായാൽ ആംബുലൻസ് സർവീസിനുമായി രൂപകൽപ്പന ചെയ്ത റോപ് വേ പദ്ധതി വെളിച്ചം കാണാതായിട്ട് അഞ്ച് വർഷം. പെരിയാർ ടൈഗർ റിസർവ് വനത്തിൽപ്പെട്ട ശബരിമല ഉൾക്കാട്ടിലൂടെ റോപ് വേ നിർമിക്കുന്നതിന് വനംവകുപ്പ് എതിർപ്പ് തുടരുന്നതാണ് പദ്ധതിക്ക് തടസം. മണ്ണ് പരിശോധിക്കാനും മരം മുറിക്കാനും വനംവകുപ്പ് അനുമതി നൽകിയില്ല. 2015ൽ അംഗീകരിച്ച പദ്ധതി 2019 തീർത്ഥാടന കാലത്തിന് മുൻപ് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി തേടി വനംവകുപ്പ് നിരവധി തവണ കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. അഹമ്മദാബാദിലെയും കൊൽക്കത്തയിലെയും കമ്പനികളുമായി പദ്ധതി നിർമാണത്തിനുള്ള ധാരണപത്രം ഒപ്പിട്ടിരുന്നു. 25കോടി ചെലവ് കണക്കാക്കിയിരുന്ന പദ്ധതി ഇനി തുടങ്ങണമെങ്കിൽ തുക ഉയർത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടിവരും.
പമ്പ മണൽപ്പുറത്ത് റോപ് വേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള മണ്ണ് പരിശോധനയ്ക്ക് കുഴിയെടുക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. പമ്പ മുതൽ സന്നിധാനം വരെ 2.9 കിലോമീറ്ററിൽ 14 ഇടങ്ങളിൽ കോൺക്രീറ്റ് അടിത്തറയൊരുക്കി റോപ് വേക്ക് തൂണുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഇവിടെ മരംമുറിക്കുന്നതിനും കുഴിക്കുന്നതിനും വനംവകുപ്പ് അനുമതി നൽകിയിട്ടില്ല. വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളിലൂടെയാണ് റോപ് വേ നിർമിക്കുന്നതെന്നായിരുന്നു വകുപ്പിന്റെ വാദം.
റോപ് വേ
>> 2.9 കി.മീ. ദൂരം, 12 മീറ്റർ വീതി
>> നിലവിൽ ട്രാക്ടർ ഒാടുന്നത് 7 കി.മീ.
>> സന്നിധാനത്തേക്ക് ചരക്ക് നീക്കം വേഗത്തിലാകും
>> സന്നിധാനത്ത് അത്യാഹിതമുണ്ടായാൽ റോപ്പിലൂടെ ആംബുലൻസ്
>> ട്രാക്‌ടറുകൾ ഉണ്ടാക്കുന്ന അപകട ഭീതിയും
മലിനീകരണവും ഒഴിവാകും
'' വനംവകുപ്പിന്റെ തടസം മാറാതെ പദ്ധതി മുന്നോട്ടു നീങ്ങില്ല. പദ്ധതി നടപ്പായാൽ ചരക്ക് നീക്കത്തിൽ വലിയ മാറ്റമാകും. അത്യാഹിതമുണ്ടായാൽ തീർത്ഥാടകരെ വേഗം സന്നിധാനത്ത് നിന്ന് ഒഴിപ്പിക്കാനാകും.
ദേവസ്വം ബോർഡ് അധികൃതർ.