പത്തനംതിട്ട: കഥയെഴുത്തിന്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുകയാണ് മദ്ധ്യതിരുവിതാംകൂറിന്റെ കഥാകാരൻ ലാൽജി ജോർജ്. പ്രവാസജീവിതത്തിൽ നിന്ന് കൂടുതൽ എഴുത്തിനുള്ള സാഹചര്യങ്ങൾ കണ്ടെത്തിയ കഥാകാരൻ കൂടിയാണിദ്ദേഹം. ദുബായിലെയും ആഫ്രിക്കയിലെ ടാൻസാനിയയിലെയും ജീവിതകാലത്താണ് ലാൽജി ജോർജ് കൂടുതൽ കഥകളെഴുതുന്നത്. പ്രവാസ ജീവിതം സർഗാത്മക രചനകൾക്കുള്ള അവസരമാക്കി മാറ്റുകയായിരുന്നു ഈ കഥാകാരൻ. വെണ്ണിക്കുളം അങ്ങാടിപ്പാട്ട് പോസ്റ്റ് മാസ്റ്ററായിരുന്ന ജോർജിന്റെയും അദ്ധ്യാപികയായിരുന്ന അമ്മിണിയുടേയും മകനായി മണിമലയാറിന്റെ തീരത്ത് ജനിച്ച് വളർന്ന ലാൽജി തന്റെ കഥകളിൽ പ്രമേയമാക്കിയതെല്ലാം ഗൾഫ് മലയാളികളുടെയും മദ്ധ്യതിരുവിതാംകൂറിലെ ജനങ്ങളുടെയും ജീവതമായിരുന്നു. ലൈബ്രേറിയൻ കൂടിയായ അമ്മയിൽ നിന്നാണ് കുട്ടിക്കാലത്ത് സാഹിത്യരചനയിൽ അഭിരുചി ജനിച്ചത്. സുഗതകുമാരിയുടെ പ്രേരണയിലെഴുതിയ ആദ്യകഥ തളിർ മാസികയിൽ പ്രസിദ്ധീകരിച്ചു. 2006 ൽ നടൻ ശ്രീനിവാസനെ നായകനാക്കി ലാൽജി ജോർജ് സംവിധാനം ചെയ്ത 'ചിതറിയവർ ' എന്ന ഫീച്ചർ ഫിലിം ദേശീയ അവാർഡിന് പരിഗണിച്ചിരുന്നു. ഖത്തർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബാങ്കോക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗ്രീസ് ഇന്റർനാഷണൽ പനോരമ എന്നിവിടങ്ങളിൽ 'ചിതറിയവർ ' പ്രദർശിപ്പിച്ചിരുന്നു. കാക്കാനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, യു.എ.ഖാദർ തുടങ്ങിയവരുടെ പ്രേരണയിൽ കൂടുതൽ കഥകളെഴുതി. 15 ചെറുകഥാ സമാഹരങ്ങളടങ്ങിയ പദാർത്ഥം, ജലശയ്യയിലെ ശരീരവും ഉപ്പും, കപടവാതിൽ, കഗാവ, പ്രജാപതിയെതേടി, വിജയവിളക്ക്, മായഗോപുരം, ദുരന്തഗീതത്തിന്റെ ശീലുകൾ എന്നിവ പ്രധാന കൃതികളാണ്. നിരവധി ഫീച്ചർ ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും ടെലിഫിലിമുകൾക്കും ടെലിവിഷൻ സീരിയലുകൾക്കും രചനയും, സംവിധാനവും നിർവഹിച്ചിട്ടുണ്ട്. വെണ്ണിക്കുളം സെന്റ് ബഹ് നാൻ എൽ.പി.സ്‌കൂൾ, ഹൈസ്‌കൂൾ, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, തിരുവല്ല മർത്തോമ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം ഷേർളിയാണ് ഭാര്യ, തുഷാരബിന്ദു മകളാണ്. കഥയെഴുത്തിന്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ ലാൽജി ജോർജിനെ പ്രവാസി വെൽഫയർ അസോസിയേഷൻ ആദരിച്ചിട്ടുണ്ട്.