പത്തനംതിട്ട: മൈലാടുംപാറയ്ക്കടുത്ത് കോട്ടമുക്കിൽ കഞ്ചാവ് വലിക്കാരും മദ്യപാനികളുമായ സംഘം സ്ഥിരമായി തമ്പ‌ടിക്കുന്നത് നാട്ടുകാർക്ക് ശല്യമാകുന്നു. നാട്ടുകാർക്കു നേരെ അസഭ്യ വർഷവും സ്ത്രീകളോട് അശ്ളീലം പറച്ചിലും സ്ഥിരമാണ്. കോട്ടമുക്കിൽ ബേക്കറിക്ക് സമീപത്തായുള്ള റബർതോട്ടത്തിൽ രാവിലെയും വൈകുന്നേരവുമാണ് യുവാക്കളും മദ്ധ്യവയസ്കരും അടങ്ങുന്ന സംഘം വിഹരിക്കുന്നത്. കൂടിയിരുന്ന് കഞ്ചാവ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുകയാണ് പതിവ്. ലഹരി മൂത്ത് ഇതുവഴി സഞ്ചരിക്കുന്നവർക്ക് നേരെ തട്ടിക്കറയുകയാണ്. നാട്ടുകാർ ഏറ്റവും അടുത്ത മലയാലപ്പുഴ പൊലീസിൽ പരാതിപ്പെട്ടാൽ സ്ഥലം തങ്ങളുടെ പരിധിയിൽ അല്ലെന്ന് പറഞ്ഞ് ഒഴിയും. തുടർച്ചയായി പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ പട്രോളിംഗ് നടത്തിയ മലയാലപ്പുഴ പൊലീസ് മൂന്ന് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. പത്തനംതിട്ട പൊലീസിൽ പരാതി അറിയിച്ചാൽ നടപടിയുണ്ടാകാറില്ല.സമീപത്ത് എൻജിനീയറിംഗ് കോളേജുണ്ട്. ഇവിടെയെത്തുന്ന വിദ്യാർത്ഥികൾക്കും കഞ്ചാവ്, മദ്യപ സംഘം ഭീഷണിയാണ്. പത്തനംതിട്ട നഗരസഭയിലെ 17ാം വാർഡാണിത്.