kala
കലാദേവി

കാൻവാസിൽ വിസ്മയം തീർത്ത് വീട്ടമ്മ

പത്തനംതിട്ട : വരകളുടെ വിസ്മയത്തിൽ നൃത്തം ചെയ്യുന്ന ഗണപതി. വർണവൈവിദ്ധ്യത്തിൽ നിറഞ്ഞുനിൽക്കുന്ന ശിവകുടുംബം. പ്രണയ സൗന്ദര്യമായി ക‌ൃഷ്ണനും രാധയും. കലാദേവിയുടെ ചിത്രങ്ങൾ തീരുന്നില്ല. ചുമർ നിറഞ്ഞ് മാത്രമല്ല, മനസ് നിറഞ്ഞും പരന്നൊഴുകുകയാണ് ചിത്രചാതുരിയുടെ ഭിന്നഭാവങ്ങൾ. വള്ളിക്കോട്ടെ കലഹാരി എന്ന വീട്ടുപേരുണ്ടായത് നിമിത്തമായിരുന്നു.മനസിൽ മാത്രമൊതുക്കിയ ചിത്രകൗതുകങ്ങളുമായാണ് യൂണിയൻ ബാങ്ക് മാനേജർ ഹരിഹരന്റെ ഭാര്യയായി കലാദേവി ആ വീട്ടിലെത്തുന്നത്. ഹരിഹരൻ പ്രകൃതിയുടെ ഉപാസകനായിരുന്നു. വീടിന് ചുറ്റുമുള്ള പറമ്പ് നിറയെ മരങ്ങൾ. മരങ്ങൾ നൽകിയ കാറ്റും തണലുമായിരുന്നു കലാദേവിയുടെ പ്രതിഭയ്ക്ക് ചിറകുകൾ നൽകിയത്. പിന്നെ വരയുടെ ലോകമായിരുന്നു. അക്കാദമികമായി പഠിക്കാതെ വരച്ച ചിത്രങ്ങൾ. ഹരിഹരൻ മരിച്ചതോടെ മകൻ ധനുഷിനൊപ്പമായി കലാദേവിയുടെ ജീവിതം. ഹരിഹരന്റെ ഇഷ്ടമായിരുന്ന മരങ്ങൾ ഒന്നൊന്നായി നിലംപൊത്തിയെങ്കിലും കലാദേവിയുടെ ഉള്ളിൽ ചിത്രങ്ങളോടുള്ള പ്രണയം തഴയ്ക്കുകയായിരുന്നു. മ്യൂറൽ പെയിന്റിംഗുകളുടെ വിസ്മയമായി എത്രയോ കാൻവാസുകൾ കലഹാരിയിൽ നിറഞ്ഞു. അറുപത്തിയെട്ടാം വയസിൽ വരച്ച ചിത്രങ്ങൾക്കും നിത്യയൗവനം. ചിത്രങ്ങൾ വസ്ത്രങ്ങളിൽ പകർത്താനും കഴിവുണ്ട് കലാദേവിക്ക്. സാരി പെയിന്റിംഗിന് ആവശ്യക്കാരേറെ. തയ്യലാണ് മറ്റൊരു ഹോബി. ആളവെടുക്കാതെ ആളുകളെ നോക്കി മാത്രം തയ്ക്കുന്നത് കലാദേവിയുടെ വേറിട്ട ശൈലിയാണ്.

മനസാണ് ഗുരു

ചിത്രപാഠങ്ങളല്ല കലാദേവിയുടെ ഗുരു. മനസാണ്. മനസ് പറയുംപോലെ വരയ്ക്കും. വർണങ്ങൾ നൽകും. കലാദേവി മ്യൂറൽസ് എന്ന ബ്ലോഗിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചതോടെ വാങ്ങാൻ വിദേശികൾ ഉൾപ്പടെ ആളുകൾ ഏറെയുണ്ടായി. ചോദിക്കുന്ന വിലയ്ക്ക് അവർ ചിത്രങ്ങൾ വാങ്ങും. അത്രയ്ക്കുണ്ട് ചിത്രങ്ങളുടെ ചന്തം. നാലാം വയസിൽ കൗതുകത്തിന് തുടങ്ങിയ വര പിന്നെ ആത്മാവിന്റെ ഭാഗമായി. ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിലെത്തിയപ്പോഴാണ് ചുവർചിത്രങ്ങളുടെ ഭംഗി ഹൃദയത്തിൽ തൊട്ടത്. ശാസ്ത്രീയമായി പഠിക്കേണ്ട ചുവർചിത്ര രചന പക്ഷേ കലാദേവി കാഴ്ചയിലൂടെ ഹൃദിസ്ഥമാക്കി. ചുമർചിത്ര കലാകാരനായ സുരേഷ് മുതുകുളം നൽകിയ നിർദ്ദേശങ്ങൾ മാത്രമായിരുന്നു ഗുരുമുഖത്ത്. വെറുതെ വരച്ച ചിത്രങ്ങൾ കാഴ്ച്ചക്കാരുടെ മനംതൊടുന്നത് കലാദേവി അറിഞ്ഞത് ശ്രീപത്മനാഭക്ഷേത്രത്തിലെ കവാടത്തിൽ തന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. അങ്ങനെയാണ് ചിത്രരചനയിലേക്ക് കൂടുതൽ ശ്രദ്ധിച്ചത്.

എ..കെ.ജിയെ കണ്ടുവളർന്ന ബാല്യം

മൂവാറ്റുപുഴ നഗരസഭാ ചെയർമാനായിരുന്ന മൂവാറ്റുപുഴ മുറ്റേടത്ത് എം.കെ.ശ്രീധരന്റെ മകളാണ് കലാദേവി. കലയെ ഉപാസിച്ച കുടുംബാന്തരീക്ഷം. പ്രകൃതിയെ പ്രണയിച്ച ബാല്യത്തിൽ കലാദേവി കണ്ടത് ചരിത്രം ഇന്ന് കോറിയിട്ട മറ്റൊരു പ്രണയമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലയെടുപ്പായ എ.കെ.ജിയും സുശീല ഗോപാലനും തമ്മിലുള്ള പ്രണയം. കലാദേവി ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ സുശീലാ ഗോപാലൻ കർഷക സമരത്തിന്റെ ഭാഗമായി വീട്ടിൽ വരുമായിരുന്നു. നിരവധി സമരങ്ങളിലൂടെ ജയിൽ വാസം അനുഷ്ഠിച്ച എ.കെ.ജി തൊട്ടുടുത്തള്ള മൂവാറ്റുപുഴ ജയിലിലായിരുന്നു. ജയിൽ വരാന്തയിലും മറ്റും കണ്ട വിപ്ളവ വീര്യമായ എ.കെ.ജി സുശീല ഗോപാലന്റെ ആരാദ്ധ്യവിഗ്രഹമായിരുന്നു. ആരാധന പ്രണയത്തിലേക്ക് മൊട്ടിടുന്നതിന് കലാദേവിയുടെ ബാല്യം സാക്ഷി. ആ മനസ് വളർന്നെത്തിയത് രാധാ കൃഷ്ണ പ്രണയസൗന്ദര്യങ്ങളുടെ ചുവർ ചിത്രങ്ങളിലേക്കും.