ele

പത്തനംതിട്ട: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഉദ്യോഗസ്ഥർക്കായി നടത്തിയ ഇലക്ഷൻ ക്ളാസുകളിൽ പങ്കെടുത്തവരിൽ ഭൂരിഭാഗത്തിനും പ്രതിഫലം കിട്ടിയില്ല. നവംബർ അവസാന ആഴ്ചയിൽ നടന്ന ക്ളാസുകളിൽ പങ്കെടുത്തവരിൽ നിന്ന് പണം കൈപ്പറ്റിയെന്ന രസീത് ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. പിന്നീട് നൽകിക്കൊള്ളാം എന്ന വാക്കുകേട്ട് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിലെ ഡ്യൂട്ടികൾക്ക് പ്രതിഫലം ലഭിച്ചിട്ടും ക്ളാസിന്റേത് അനുവദിക്കാതിരിക്കുന്നതിൽ ദുരൂഹതയുണ്ട്. ഇലക്ഷൻ കമ്മിഷനാണ് പ്രതിഫലത്തുക അതത് ജില്ലകൾക്ക് അനുവദിക്കുന്നത്. പറക്കോട്, കോന്നി, പന്തളം, മല്ലപ്പള്ളി ബ്ളോക്കുകളിൽ തുക വിതരണം ചെയ്തിട്ടില്ല. കോളേജ്, ഹയർസെക്കൻഡറി അദ്ധ്യാപകരാണ് കൂടുതലായി ഇലക്ഷൻ ക്ളാസിൽ പങ്കെടുത്തത്. ബൂത്തുകളിലെ പ്രിസൈഡിംഗ് ഒാഫീസർമാർ, ഫസ്റ്റ് പോളിംഗ് ഒാഫീസർമാർ എന്നിങ്ങനെയാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഒരു ബ്ളോക്കിൽ ഇവരുടെ എണ്ണം മുന്നൂറോളം വരും. പ്രിസൈഡിംഗ് ഒാഫീസർമാർക്ക് 600രൂപയും ഫസ്റ്റ് പോളിംഗ് ഒാഫീസർക്ക് 500രൂപയുമായിരുന്നു ക്ളാസിൽ പങ്കെടുക്കുന്നതിനുള്ള പ്രതിഫലം. ജില്ലയിൽ ആയിരത്തിലേറെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ക്ളാസിൽ പങ്കെടുത്തിരുന്നു.

മുൻകാലങ്ങളിൽ ക്ളാസ് കഴിയുമ്പോഴോ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ദിവസങ്ങളിലെ പ്രതിഫലത്തിനൊപ്പമോ തുക ലഭിക്കുമായിരുന്നു. നഗരസഭകളിൽ ക്ളാസ് ദിവസങ്ങളിലും തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങിയ സമയത്തുമായി പ്രതിഫലം ലഭിച്ചു.

പിശുക്ക് കട്ടാതെ പണം ചെലവാക്കാൻ ഇലക്ഷൻ കമ്മിഷന് അധികാരമുണ്ട്. പണം ചെലവാക്കിയതായി ഒരു ബില്ല് ലഭിച്ചാൽ അതേപടി അംഗീകരിക്കും. ഇലക്ഷൻ പരിശീലന ക്ളാസ്, വാഹനച്ചെലവ്, ഭക്ഷണം, വെള്ളം, പോസ്റ്ററും ഫ്ളക്സും എണ്ണൽ തുടങ്ങി തിരഞ്ഞെടുപ്പുമായി ഏതു കാര്യത്തിനും രസീതിൽ പറയുന്ന ചെലവ് തുക അംഗീകരിക്കും. ചെലവ് കൂട്ടിയെഴുതി ഇത് പലരും ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപമുണ്ട്.

ഭരണ, പ്രതിപക്ഷ കക്ഷികളിലെ ജീവനക്കാരാണ് മിക്കവാറും തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്നത്. പരസ്പര ധാരണയിൽ ആരോപണം പരസ്യമായി ഉന്നയിക്കാറില്ല. ഇലക്ഷൻ ക്ളാസിന്റെ ചെലവ് തുക വിനിയോഗത്തിൽ ക്രമക്കേട് നട‌ന്നിട്ടുണ്ടാകാമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

'' പോളിംഗ് ഉദ്യോഗസ്ഥർക്ക് ക്ളാസിന്റെ പ്രതിഫലം കിട്ടിയിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇക്കാര്യം പരിശാേധിക്കും.

വി.ഹരികുമാർ, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ വിഭാഗം)