പത്തനംതിട്ട: ജനമൈത്രി ബീറ്റ് ഓഫീസർ ബീറ്റ് ഡ്യൂട്ടിയുടെ ഭാഗമായി വീട്ടിലെത്തിയ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് പകർത്തി വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. ആറന്മുള പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ അജിത്ത് ഇടയാറന്മുളയിലെ ഒരു വീട് സന്ദർശനം നടത്തിയശേഷം പോകുന്ന ദൃശ്യമാണ് പ്രചരിപ്പിച്ചത്. ഒരു യുവാവ് പൊലീസ് വേഷത്തിൽ ഇടയാറന്മുളയിലെ വീടുകൾ സന്ദർശിച്ചുവെന്നും റേഷൻ കാർഡ്, ആധാർ കാർഡ് വിശദാംശങ്ങൾ ശേഖരിച്ചെന്നും താമസക്കാരുടെ വിവരങ്ങൾ തിരക്കിയെന്നും ആരും തന്നെ ഇയാൾക്ക് വിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി പി.ബി. രാജിവ് അറിയിച്ചു. ജനമൈത്രി എം.ബീറ്റി(മൊബൈൽ ബീറ്റ്)ന്റെ ഭാഗമായാണ് ബീറ്റ് ഓഫീസർമാർ ഭവനസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കുന്നത്.