-jayalakshmi-and-adila

ഇത്തവണത്തെ സംസ്ഥാന കർഷക അവാർഡുകളിൽ പത്തനംതിട്ടയ്ക്ക് അഭിമാനിക്കാനായി രണ്ട് വനിതാ കർഷകരുണ്ട്. ഒന്ന് സ്കൂൾ വിദ്യാർത്ഥിനിയായ കൃഷിക്കാരിയും രണ്ടാമത്തേത് വനിതാ കൃഷി ഒാഫീസറും. കൊടുമൺ പഞ്ചായത്തിലെ തരിശുപാടങ്ങളെ കതിരണിയിച്ച ആദിലയാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഒാഫീസർ.


ആദിലയുടെ നേട്ടങ്ങൾ

തരിശായി കിടന്ന പാടശേഖരങ്ങളിൽ നെൽകൃഷിയിറക്കി കൊടുമണ്ണിന്റെ പേരിൽ അരി വിപണിയിൽ ഇറക്കിയതാണ് ആദിലയുടെ നേട്ടങ്ങളിൽ ഏറ്റവും പ്രധാനം. 100 ടൺ നെല്ല് സംഭരിച്ച് അരിയാക്കി കൊടുമൺ റൈസ് എന്ന ബ്രാൻഡിൽ വിപണിയിലെത്തിച്ചത് ശ്രദ്ധേയമായ തുടക്കമായിരുന്നു. വിവിധ പാടശേഖര സമിതികളുടെ സഹകരണത്തോടെയാണ് നെൽകൃഷി ആരംഭിച്ചത്. 179.2 മെട്രിക് ടൺ ഉണ്ടായിരുന്ന വിളവ് 400 മെട്രികിൽ എത്തിക്കാൻ ശാസ്ത്രീയ കൃഷിരീതി നടപ്പാക്കി. ഔഷധഗുണമുള്ള ഞവര അരി, രക്തശാലി അരി എന്നിവയും കൃഷി ചെയ്ത് വരുന്നു. അരിയുടെ മൂല്യവർധിത ഉൽപന്നങ്ങളായ തവിട് കേക്ക്, ഔഷധക്കൂട്ട്, പൊടിയരി, ഉമിക്കരി, തവിടിന്റെ അംശം കൂടിയ വിവിധതരം അരികൾ എന്നിവയും വിൽക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സഹായത്തോടെ കൊടുമണ്ണിൽ റൈസ് മിൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾക്കും ആദില തുടക്കമിട്ടിട്ടുണ്ട്.

കുറഞ്ഞ അളവിൽ രാസവളം ചേർത്ത് കീടനാശിനി പൂർണമായും ഒഴിവാക്കിയായിരുന്നു നെൽകൃഷി. ജില്ലയിൽ അപ്പർ കുട്ടനാട് കഴിഞ്ഞാൽ ഏറ്റവും അധികം നെൽപാടങ്ങളുള്ള നാടായി കൊടുമണ്ണിനെ മാറ്റിയെടുക്കാൻ ആദിലക്ക് കഴിഞ്ഞു. പഞ്ചായത്തിലെ 509 ഹെക്ടർ സ്ഥലം മൂന്നു വർഷംകൊണ്ട് തരിശ് രഹിതമാക്കുന്ന പദ്ധതി വൻവിജയത്തിലെത്തിക്കാനായി. കൃഷിഭവന്റെയും പാടശേഖരത്തിന്റെയും കൈവശമുള്ള ട്രാക്ടറും കൊയ്‌ത്ത് , മെതി യന്ത്രങ്ങളും പാടത്തിറക്കി.
കീടനിയന്ത്രണത്തിന് പാടശേഖരങ്ങളിൽ സോളാർ കെണികൾ സ്ഥാപിച്ച് മാതൃകയായി. ഡ്രോൺ വഴിയാണ് പാടശേഖരങ്ങളിൽ വളപ്രയോഗം നടത്തുന്നത്. ഓരോ സ്ഥലങ്ങളിലും കൃത്യമായെത്തി കർഷകർക്ക് വേണ്ടതായ മാർഗനിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകുന്നതിലും ആദില മുമ്പിലുണ്ട്. പാടശേഖര സമിതികളുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ കഴിഞ്ഞു. ജില്ലയിലെ ആദ്യ തരിശ് രഹിത, മികച്ച ജൈവകാർഷിക പഞ്ചായത്താണ് കൊടുമൺ. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. സഹകരണ സംഘത്തിന്റെ കീഴിൽ കൊടുമൺ റൈസിന്റെ സംഭരണ വിപണന സൗകര്യം ഒരുക്കുന്നതിനായി കൊടുമൺ പഞ്ചായത്തിൽ ഒരു ഇക്കോ ഷോപ്പ് തുടങ്ങി. കുടുംബശ്രീ യൂണിറ്റുകളുടെ കീഴിൽ പച്ചക്കറി കൃഷിയും പഞ്ചായത്തിലെങ്ങും നടക്കുന്നുണ്ട്. വാഴ, പച്ചക്കറി, നെല്ല് എന്നിവയിൽ കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിനും സുരക്ഷിത ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനുമായി ആറ് പ്ലോട്ടുകളിലായി പരിസ്ഥിതി എൻജിനീയറിംഗ് പ്രദർശന തോട്ടം ഒരുക്കി. സംസ്ഥാനത്തെ ആദ്യ സമ്പൂർണ പച്ചതുരുത്ത് പഞ്ചായത്തായും കൊടുമൺ മാറി. ആദിലയുടെ ഭർത്താവ് കെ. ഹനീഷ്, പന്തളം തരകംവിളയിൽ കുടുംബാംഗമാണ്. പത്തനംതിട്ട കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു. മക്കൾ: ആദിദ്, ആമിൻ, മറിയം.

മികച്ച വിദ്യാർത്ഥിനി കർഷക ജയലക്ഷ്മി

പത്താംക്ലാസിലാണെന്നതിന്റെ ടെൻഷനൊന്നും ജയലക്ഷ്മിക്കില്ല. പഠിക്കാനേറെയുണ്ടെങ്കിലും കൃഷിക്കും ജയലക്ഷ്മി സമയം കണ്ടെത്തുന്നു. പുലർച്ചെ അഞ്ചിന് ഉണർന്നാൽ ശുദ്ധവായു തേടിപ്പോകുന്നത് മുറ്റത്തെ പച്ചക്കറിതോട്ടത്തിലേക്ക്. കൃഷിയെ സ്‌നേഹിക്കുന്ന ഈ പെൺകുട്ടിക്ക് മികച്ച വിദ്യാർഥിനി കർഷകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചതിൽ നാട്ടുകാർക്ക് വലിയ അത്ഭുതമില്ല.

ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർഥിനിക്കുള്ള സംസ്ഥാന അവാർഡാണ് കുളനട ഉളനാട് ആഞ്ജനേയത്തിൽ എസ്. ജയലക്ഷ്മിക്കു ലഭിച്ചത്. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ചെറുപ്പം മുതൽ ജയലക്ഷ്മി കൃഷിയിൽ താത്‌പര്യം കാട്ടിയിരുന്നു. കൃഷി വിപുലമാക്കുന്നതിനുള്ള സുഭിക്ഷ കേരളം പദ്ധതിയിൽ സജീവമാണ്. കൃഷി ഓഫീസർ നസീറബീഗത്തിന്റെ സഹായവും ജയലക്ഷ്മിക്ക് ലഭിച്ചു. വിവിധ കൃഷിരീതികളെക്കുറിച്ച് പഠിപ്പിച്ചത് കൃഷി ഓഫീസറാണ്. വീട്ടുമുറ്റത്തു തന്നെയാണ് ജയലക്ഷ്മിയുടെ കൃഷിയിടം. പച്ചക്കറി സംരക്ഷണത്തിനു മഴമറയും കൃഷിവകുപ്പ് നൽകി.
പയർ, തക്കാളി, കാബേജ്, കോളിഫ്‌ളവർ, വെണ്ട,​ വഴുതന, പാവൽ, പടവലം വെള്ളരി, പച്ചമുളക്, കോവൽ, ചീര, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യന്നത്. ബയോഡൈവേഴ്‌സിറ്റി പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ലോക്ക്ഡൗൺ കാലത്ത് സ്‌കൂളിൽ പോകാതിരുന്ന സമയമാണ് കൃഷിക്ക് ഏറെ പ്രയോജനപ്പെടുത്താനായതെന്ന് ജയലക്ഷ്മി പറയുന്നു.
ബംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരൻ കെ.എസ്. സഞ്ജീവിന്റെയും പന്തളം പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്‌നിക്കിലെ അദ്ധ്യാപിക എസ്. ദീപ്തി കുമാരിയുടെയും മകളാണ്. സഹോദരി എസ്. വിദ്യാലക്ഷ്മി ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. അമ്മ ദീപ്‌തികുമാരിയോടൊപ്പം പന്തളം എൻ.എസ്.എസ് പോളിടെക്‌നിക് വളപ്പിലും ജയലക്ഷ്മി പച്ചക്കറിത്തോട്ടം നട്ടുവളർത്തുന്നുണ്ട്.