ഒന്നും രണ്ടും ക്ലാസുകളിൽ പഠിച്ചിരുന്ന നല്ലൊരു ഭാഗം കുട്ടികളും കണക്കിന് അമ്പതിൽ അമ്പതു മാർക്കും വാങ്ങിയിരുന്ന ഒരു കാലം ഓർമ വരുന്നു. ഹൈസ്‌കൂൾ ക്ലാസുകളിലെത്തുമ്പോൾ ഇവരിൽ മിക്കവർക്കും കണക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു വിഷയമായി മാറുന്നതും കണ്ടിട്ടുണ്ട്.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മുമ്പ് ഒന്നാം ക്ലാസിൽ പഠിപ്പിച്ചിരുന്നത് എന്തായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നും കുറെ പേരെങ്കിലും ഓർക്കുന്നുണ്ടാകും.1 മുതൽ 100 വരെ മുകളിലേക്കും പിന്നീട് താഴേക്കും എണ്ണാനും എഴുതാനുമാണ് മുഖ്യമായും പഠിപ്പിച്ചിരുന്നത്. ഉരുവിട്ടു പഠിക്കുന്നതിനായിരുന്നു മുൻതൂക്കം. ഇരട്ട സംഖ്യകൾ, ഒറ്റസംഖ്യകൾ,സങ്കലന ഗുണന പട്ടികകൾ എന്നിവയും ഈ രീതിയിലാണ് മിക്കവരും പഠിച്ചത്. കണക്കിനെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി യാഥാർത്ഥ്യബോധത്തോടെ പഠിക്കാനും പലപ്പോഴും അവസരം ലഭിച്ചില്ല. ഗണിത പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടു പിടിക്കാൻ ചെയ്യേണ്ട ക്രിയകൾ സംബന്ധിച്ച് സൂചനകൾ നൽകി അദ്ധ്യാപകർ കുട്ടികളെ സഹായിക്കുമായിരുന്നു. ചോദ്യത്തെ വിശകലനം ചെയ്ത് ഉത്തരം കണ്ടെത്താനുള്ള കുട്ടികളുടെ കഴിവിനെയാണ് ഇത് തടഞ്ഞത്. ചുരുക്കത്തിൽ,ഗണിതത്തിലെ അടിസ്ഥാനപരമായ പല കഴിവുകളും നേടാതെയാണ് നല്ലൊരു വിഭാഗം കുട്ടികളും ഓരോ ക്ലാസും ജയിച്ചു കയറിയത്. ഈ രീതിക്ക് ഇന്ന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പഴയ രീതിയിൽ നിന്നും പൂർണമായും മുക്തമായി എന്നു പറയാൻ കഴിയില്ല.

രക്ഷിതാക്കൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും

കുട്ടികൾക്ക് കണക്കിനോടു താത്പര്യം തോന്നാൻ രക്ഷിതാക്കൾക്കും ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. വീട്ടിൽ നടക്കുന്ന മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും പലവിധ ഗണിതാശയങ്ങളും ഉൾച്ചേർന്നവയാണ്. വലിപ്പം, ദൂരം,സമയം,വില,തൂക്കം,വ്യാപ്തം,വിസ്തീർണം,പൊക്കം, ശതമാനം തുടങ്ങിയ ആശയങ്ങൾ അറിഞ്ഞോ അറിയാതെയോ നാം ഉപയോഗപ്പെടുത്താറുണ്ട്. കുട്ടിയുടെ ക്ലാസ് മുറിയിലെ പഠനവുമായി സന്ദർഭോചിതമായി ഇതിനെ ബന്ധപ്പെടുത്താൻ രക്ഷിതാക്കൾക്കു കഴിയണം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങൽ, ബസിലും ഓട്ടോറിക്ഷായിലുമുള്ള യാത്ര, സിനിമാശാലയിൽ പോകൽ തുടങ്ങിയ വേളകളിൽ കുട്ടിയെ കൂടെ കൂട്ടുകയും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ പണമിടപാടുകൾ നടത്താൻ അവർക്ക് അവസരം നൽകുകയും വേണം. പലതരം അളവുകൾ, അളവു പകരണങ്ങൾ,തൂക്കങ്ങൾ, യൂണിറ്റുകൾ തുടങ്ങിയവ പരിചയപെടുന്നതിനും ചതുഷ്‌ക്രിയകൾ ഉൾപ്പെടെയുള്ള ക്രിയകൾ ചെയ്യുന്നതിനും കുട്ടിയ്ക്ക് ഇതിലൂടെ അവസരം ലഭിക്കും.ഗണിതത്തിന് നിത്യജീവിതവുമായുളള ബന്ധം നേരിട്ടറിയുകയാണിവിടെ. എന്നാൽ, ചില കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതായുമുണ്ട്.+ഗണിത പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കുട്ടികളുടെ യുക്തിചിന്തയ്ക്ക് തടസമുണ്ടാകും വിധം അവരെ സഹായിക്കരുത്. ശകാരമോ ശിക്ഷയോ പരിഹാരമല്ല. ശരിയായ ഗണിത പീന രീതി പരിചയമില്ലാത്ത ഇടങ്ങളിൽ കുട്ടികളെ ട്യൂഷനു വിടുന്നത് ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.