കോഴഞ്ചേരി : കോയിപ്രം പഞ്ചായത്തിലെ ഐരാക്കാവ് വഴിയുള്ള പുല്ലാട് ഇരവിപേരൂർ റോഡ് തകർച്ചയിൽ. പൊടിപ്പാറ ഐരാക്കാവ് ഭാഗത്ത് 3 കിലോമീറ്ററോളം ഭാഗമാണ് പൂർണമായും തകർച്ചയെ നേരിടുന്നത്. ഈ ഭാഗത്തെ 3 കലുങ്കുകളും തകർന്നുകിടക്കുകയാണ്. ഇവയുടെ കൈവരികളും നശിച്ചു കിടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. കലുങ്കുകളുടെ തകർന്ന ഭാഗങ്ങളിൽ കാട് വളർന്നു നിൽക്കുന്നത് കാരണം കാൽനട യാത്രികർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പ് രണ്ട് പേർ ഇവിടെ അപകടത്തിൽ മരിച്ചിരുന്നു
രണ്ട് പതിറ്റാണ്ട് മുമ്പ് ടാറിംഗ് നടത്തിയ റോഡിനാണ് ഈ ദുർഗതി. എട്ടുമീറ്റർ വീതിയുള്ള റോഡിന്റെ പല ഭാഗങ്ങളിലും വീതി കുറവാണ്. ഇവിടങ്ങളിൽ വ്യാപക കയ്യേറ്റം നടന്നതായാണ് പരാതി. ദിവസേന നൂറിലധികം വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. മണ്ണ് നിറഞ്ഞ് ഓട നികന്നുകിടക്കുകയാണ്.
കാഞ്ഞിരപ്പാറ, പുരയിടത്തിൻ കാവ്, പാട്ടക്കാല എന്നിവിടങ്ങളിൽ ഉള്ളവർക്ക് കുമ്പനാട് , തിരുവല്ല ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്.
--------------
' റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതു മരാമത്ത് വകുപ്പ് അധികൃതർക്ക് പല തവണ പരാതി നൽകി. നടപടിയുണ്ടായില്ല.'
ജോൺസൺ കോയിത്തോടത്ത്,
പ്രസിഡന്റ്, ഐരാക്കാവ് റസിഡന്റ്സ് അസോസിയേഷൻ