തിരുവല്ല: നഗരത്തിലെ തിരക്കൊഴിയാൻ സഹായിക്കുന്ന ചിലങ്ക ജംഗ്ഷൻ മുതൽ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡ് നിലവാരമുയർത്തി ടാറിംഗ് ചെയ്യുന്ന ജോലികൾ തുടങ്ങി. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് 700 മീറ്റർ നീളമുള്ള ഈ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഏഴ് മീറ്റർ വീതിയിൽ ടാറിംഗ് പൂർത്തിയാക്കും. ബാക്കിയുള്ള സ്ഥലം കോൺക്രീറ്റ് ചെയ്ത് നടപ്പാതയാക്കും. റോഡ് സുരക്ഷാ മാർക്കിംഗുകളും മറ്റും നിർമ്മാണത്തോടൊപ്പം പൂർത്തിയാക്കും. വെള്ളത്തിൻ്റെ കുത്തൊഴുക്ക് കാരണം റോഡ് അടിക്കടി പൊട്ടിപ്പൊളിഞ്ഞ് തകർച്ചയിലാകുന്ന അവസ്ഥയായിരുന്നു. ഈ പ്രശ്‍നം ഒഴിവാക്കുന്നതിന് തീപ്പനി റെയിൽവേ മേൽപ്പാലത്തിന് സമീപം കലുങ്കിന്റെ നിർമ്മാണവും പൂർത്തിയാക്കി. തുടർന്ന് ബി.എം ആൻഡ് ബി.സി ടാറിംഗുമാണ് ചെയ്തുവരുന്നത്. നിർമ്മാണം അവസാനഘട്ടത്തിലായ തിരുവല്ല ബൈപ്പാസിലേക്ക് ഈ റോഡിൽ നിന്നും പ്രവേശിക്കാം എന്നതിനാൽ ടൗണിലെ ഗതാഗതക്കുരുക്കിന് കൂടുതൽ ശമനം പ്രതീക്ഷിക്കാം. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാനവഴിയും ഇതാണ്. ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
വാഹനങ്ങൾ അനുബന്ധ വഴികളിലൂടെ പോകണം. റോഡ് നിർമ്മാണം രണ്ടു ദിവസത്തിനകം പൂർത്തിയാകും
മാത്യു ടി.തോമസ്
(എം.എൽ.എ)
- റോഡ് നവീകരണത്തിന് 90 ലക്ഷം
-7 മീറ്റർ വീതിയിൽ ടാറിംഗ്
- ബാക്കിയുള്ള സ്ഥലങ്ങളിൽ കോൺക്രിറ്റ്