1

പളളിക്കൽ : കൈയേറ്റം വ്യാപകമായ പള്ളിക്കലാറിന്റെ നവീകരണം പ്രഖ്യാപനത്തിലൊതുക്കി. നവീകരണോദ്ഘാടനം കഴിഞ്ഞിട്ട് നാല് വർഷമായി. പക്ഷേ കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്തിട്ടില്ല. പദ്ധതി ബഡ്ജറ്റിലുണ്ടന്നാണ് അധികൃതരുടെ ഭാഷ്യം. 2019 ലെ ബഡ്ജറ്റിൽ സംസ്ഥാനത്തെ നദികളുടെ പുനരുജ്ജീവനം പദ്ധതിയിൽ 42 കോടി രൂപ വകയിരുത്തിയിരുന്നു. പട്ടികയിൽ പള്ളിക്കലാറും ഉണ്ടായിരുന്നു. 2016 ൽ തെങ്ങമം ഗവ. എൽ പി എസിലെ നാലാംക്ലാസിലെ കുട്ടികൾ പള്ളിക്കലാറ് സന്ദർശിച്ച് പഠനം നടത്തിയിരുന്നു. നദിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 നംവബർ 3 ന് പി.റ്റി. എ. ഭാരവാഹികളോടൊപ്പം കുട്ടികൾ നിയമസഭയിലെത്തി മുഖ്യമന്തിക്ക് നിവേദനം നൽകി. 2017 മേയ് ഒന്നിന് മന്ത്രി തോമസ് ഐസക് തെങ്ങമത്തെത്തി വിപുലമായ യോഗം വിളിച്ചു ചേർത്ത് ആറ് നവീകരിക്കാൻ തീരുമാനിച്ചു. ഏഴംകുളം, അടൂർ നഗരസഭ, ഏറത്ത്, പള്ളിക്കൽ ,കടമ്പനാട് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ വേതനമില്ലാതെ സേവന സന്നദ്ധരാക്കി ആറ്റിലിറക്കി മാലിന്യങ്ങൾ നീക്കംചെയ്തു.ആറിന്റെ ഉത്ഭവസ്ഥാനമായ ഏഴംകുളം പഞ്ചായത്തിലെ കളരിത്തറുന്ന് മുതൽ പള്ളിക്കൽ പഞ്ചായത്തിന്റെ അവസാനമായ ചെറുകുന്നം ഭാഗം വരെ ആറ് വൃത്തിയാക്കി. ആറ് വൃത്തിയായതോടെ തോമസ് ഐസക്ക് വീണ്ടുമെത്തി കൈയേറ്റമൊഴിപിക്കുമെന്ന് പ്രഖ്യാപിച്ചു. മാസങ്ങൾക്ക് ശേഷം സർവേ ടീം ആറിന്റെ യഥാർത്ഥ സ്ഥലം അളന്നതോടെ ചിലയിടത്ത് പഞ്ചായത്ത് അധികൃതർ സർവേകല്ലുകളും സ്ഥാപിച്ചു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല.

വിചിത്ര വാദവുമായി

സർവേ വകുപ്പ്

സ്ഥലം ഏറ്റെടുക്കാൻ സർവെ വകുപ്പ് സ്കെച്ചും പ്ലാനും നൽകിയില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. അതേസമയം സ്കെച്ച് തയ്യാറാക്കാൻ വിട്ടുപോയി എന്ന വിചിത്രമായ വാദമാണ് സർവേ വകുപ്പിന്. ഈ വിഷയം ചർച്ച ചെയ്യാൻ അന്നത്തെ അടൂർ ആർ ഡി ഒ എം എ റഹിം പ്രത്യേക യോഗം വിളിച്ചെങ്കിലും കാര്യമായ തുടർ നടപടികൾ ഉണ്ടായില്ല. മാസങ്ങൾ പിന്നിട്ടപ്പോൾ അളന്നിട്ട കല്ലുകളിൽ പകുതിയും കാണാതായി. കല്ല് കണ്ടുകിട്ടിയിടത്ത് പഞ്ചായത്ത് വക സ്ഥലം എന്ന് ബോർഡ് വച്ചു. ബോർഡുകൾ ഇപ്പോൾ കാടുകയറി കാണാതായിട്ടുണ്ട്. ബോർഡ് വച്ചിടത്തും കൈയേറ്റക്കാർ പിൻവാങ്ങിയിട്ടില്ല. അടൂർ പട്ടണത്തിന്റെ ഭാഗത്ത് നിരവധി പേർ കൈയേറിയ സ്ഥലത്ത് കെട്ടിടങ്ങളും മറ്റും വച്ചിട്ടുണ്ട്. അവരുടെ എതിർപ്പും സമ്മർദ്ദവുമാണ് പള്ളിക്കാർ നവീകരണം അട്ടിമറിക്കാൻ കാരണമെന്നാണ് ആരോപണം.