tt

കോഴഞ്ചേരി : അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ് 3 വർഷം മുമ്പ് നടപ്പാക്കിയ വേഗപ്പൂട്ട് പരിശോധന നിലച്ചു.
അപകടങ്ങൾ സംഭവിച്ചതിന് ശേഷമാണ് ഇപ്പോൾ പരിശോധന. അപകടമുണ്ടാക്കിയ വാഹനങ്ങൾക്ക് വേഗപ്പൂട്ടില്ലെങ്കിൽ കേസെടുക്കും. പക്ഷേ നേരത്തെ പരിശോധന നടത്താറില്ല.. വേഗപ്പൂട്ട് നിർമ്മിക്കുന്ന കമ്പനികൾ തന്നെ അവ പരിശോധിക്കാനുള്ള ഉപകരണങ്ങളും ഓരോ ആർടി ഓഫിസിലും എത്തിക്കണമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ മിക്ക ഓഫിസുകളിലും ഇതില്ല. 2017 മുതൽ ഇറങ്ങിയ വാഹനങ്ങളിൽ വേഗപ്പൂട്ടുണ്ട്. എന്നാൽ ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരശോധിക്കുന്നത് ഫിറ്റ്നസ് പുതുക്കുമ്പോഴാണ്. പൂട്ട് ഉണ്ടോ എന്നാണ് സാധാരണ പരിശോധിക്കാറ്. ക്ഷമത പരശോധിക്കില്ല എന്നാണ് ചില വാഹന ഉടമകൾ പറയുന്നത്. ആവശ്യാനുസരണം ബന്ധം വേർപെടുത്താൻ സാധിക്കുന്ന വേഗപ്പൂട്ടുകളും ഇപ്പോൾ വിപണിയിൽ സുലഭമാണ്. പരിശോധന നടക്കുന്ന സമയത്ത് വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ഇത് നിഷ്പ്രയാസം ഉറപ്പിക്കാനും സാധിക്കും.
അതേസമയം റോഡരികുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ അമിത വേഗത്തിന് കുടുങ്ങുന്ന വാഹനങ്ങളിൽ നിന്ന് പിഴയടയ്ക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് വരുമാനമായി സർക്കാർ ഖജനാവിൽ എത്തുന്നത്. ഇതിനു പുറമെ മോട്ടർ വാഹന വകുപ്പിലെ ഇന്റർസെപ്ടർ വാഹനങ്ങളും അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങളെ പിടികൂടി പിഴ ഈടാക്കുന്നുണ്ട്. വാഹന അപകടങ്ങൾക്ക് ശേഷം എതാനും ദിവസം മാത്രമേ വേഗപ്പൂട്ട് പരിശോധനയും നടക്കുകയുള്ളൂ എന്നും ആക്ഷേപമുണ്ട്..

---------------------


''നിർഭയ കേസിന് ശേഷം ഭാരവാഹനങ്ങളിലെ വേഗപ്പൂട്ട് പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജില്ലയിൽ തിരുവല്ലയിലെ റവന്യൂ ടവറിൽ കൺട്രോൾ റൂം ഉടൻ പ്രവർത്തന സജ്ജമാകും.'


(ജിജി ജോർജ്, ആർ.ടി.ഒ. പത്തനംതിട്ട)