പത്തനംതിട്ട: ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം 29ന് നടക്കും. ഇ.എം.എസ് സഹകരണ ആശുപത്രിയെന്ന പേരിൽ ഇലന്തൂർ പാലച്ചുവടിന് സമീപമാണ് ആശുപത്രി പ്രവർത്തിക്കുകയെന്ന് സഹകരണസംഘം പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആശുപത്രിയിൽ ആരംഭിക്കുന്ന ആധുനിക ലാബോറട്ടറി മന്ത്രി ഡോ.തോമസ് ഐസക്കും ഓപ്പറേഷൻ തിയറ്റർ മന്ത്രി കെ.കെ. ഷൈലജയും ഐ.സി.യു ആന്റോ ആന്റണി എം.പിയും ഉദ്ഘാടനം ചെയ്യും. ഭീമമായ ചികിത്സാച്ചെലവു കാരണം ബുദ്ധിമുട്ടിലാകുന്ന സാധാരണക്കാർക്ക് ആശ്വാസമേകാനായുള്ള ക്രമീകരണമാണ് ആശുപത്രിയിൽ ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ആധുനിക ചികിത്സാ സൗകര്യങ്ങൾ, വിദഗ്ധ പരിശോധനകൾ, തുടർ ചികിത്സ സൗകര്യങ്ങൾ ആശുപത്രിയിൽ ലഭ്യമാകും. സർക്കാർ മേഖലയിൽ നിന്നു വിരമിച്ചവരടക്കം പ്രമുഖരായ പല ഡോക്ടർമാരുടെയും സേവനം ലഭ്യമാകും. ജനറൽ മെഡിസിൻ,സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി വിഭാഗങ്ങളാണ് തുടക്കത്തിൽ പ്രവർത്തിക്കുന്നത്. എം.എൽ.എമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. വിപുലമായ സൗകര്യങ്ങളോടെ സ്വന്തമായി ആശുപത്രി കെട്ടിടം നിർമിക്കുന്നതിന് പത്തനംതിട്ട നഗരപരിധിയിൽ രണ്ടര ഏക്കർ ഭൂമി ആശുപത്രിയുടെ പേരിൽ വാങ്ങിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.ഡയറക്ടർ ബോർഡംഗങ്ങളായ കെ.സി.രാജഗോപാലൻ, പി.കെ.ദേവാനന്ദ്,കെ. ഗോപാലകൃഷ്ണൻ,സെക്രട്ടറി അലൻ മാത്യു തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.