covid-cell
കളക്ടറേറ്റിലെ കൊവിഡ് സെൽ ടീം യാത്രയയപ്പ് ചടങ്ങിൽ മുൻ കളക്ടർ പി.ബി.നൂഹ്, അസി. കളക്ടർ ചെൽസാസിനി എന്നിവർക്കൊപ്പം

പത്തനംതിട്ട : നാടിന് ആശ്വാസവും സാന്ത്വനവും പകർന്ന കളക്ടറേറ്റിലെ കൊവിഡ് വാളണ്ടിയർ ടീം പടിയിറങ്ങി. സ്ഥലം മാറിപ്പോകുന്ന കളക്ടർ പി.ബി നൂഹ് നിയമിച്ച ടീമാണ് 325 ദിവസത്തെ അനുഭവ സമ്പത്തും ഒാർമകളുമായി ഇന്നലെ വിട വാങ്ങിയത്. കഴിഞ്ഞ വർഷം മാർച്ച് 6ന് ജില്ലയെ ഭീതിയിലാഴ്ത്തി ആദ്യ കൊവിഡ് കേസ് റാന്നിയിൽ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടക്കാർക്ക് ഇന്നും നടുക്കുന്ന ഒാർമ്മയാണ്. കൊവിഡ് പ്രതിരോധത്തിന് സന്നദ്ധസേവകരെ ക്ഷണിച്ചുകൊണ്ട് മാർച്ച് 9ന് കളക്ടറുടെ ഫേസ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് ഉത്തരമായി പിറ്റേന്ന് കളക്ടറേറ്റ് അങ്കണം സന്നദ്ധസേവകരാൽ നിറഞ്ഞു. ജില്ലയിലാകെ രണ്ടായിരത്താേളം സന്നദ്ധ പ്രവർത്തകരെ ലഭിച്ചു. കളക്ടറേറ്റിൽ 120 പേരെ നിയോഗിച്ചു. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ പല ഘട്ടങ്ങളിലായി കുറേപ്പേർ ഒഴിവായി. ഇന്നലെ വരെ കളക്ടറേറ്റിൽ 15 സന്നദ്ധ പ്രവർത്തകർ ജോലിയിലുണ്ടായിരുന്നു.
മാസ്‌ക്കുകളും സാനിറ്റൈസറുകളും വാങ്ങിക്കൂട്ടി പത്തനംതിട്ടക്കാർ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ മാർച്ച് 10ന് കളക്ടറുടെ സേന രംഗത്തിറങ്ങി. കളക്ടറേറ്റിൽ ആരംഭിച്ച കൊവിഡ് സെൽ വോളണ്ടിയർ ടീമിന്റെ പ്രവർത്തനം ജിയോ മാപ്പിംഗിൽ തുടങ്ങി കൊവിഡ് ഇതര പ്രവർത്തനങ്ങൾ വരെ എത്തി നിൽക്കുന്നു. ജില്ലാ അതിർത്തികളിലും ബസ് സ്റ്റാൻഡുകളിലും കൊവിഡ് കെയർ സെന്ററുകളിലും അന്യ സംസ്ഥാന തൊഴിലാളികളെ തിരികെ അയയ്ക്കുന്നതിന് റെയിൽവേ സ്റ്റേഷനുകളിലും വാളണ്ടിയർമാരുടെ സേവനം രാപ്പകൽ ലഭ്യമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് ജീവിതം ദുസ്സഹമായവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ഫോൺ വിളിക്കപ്പുറം അവരുണ്ടായിരുന്നു. അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി.
കളക്ടറേറ്റ് വളപ്പിലെ പക്ഷി വൈവിദ്ധ്യത്തിന്റെ കലവറയായ 'കൂടൊരുക്കാം ' പദ്ധതി, അങ്കണവാടികളുടെ നവീകരണം, അഗതികൾക്കും അശരണർക്കും ആശ്വാസമായ 'ഹാപ്പിനെസ്സ് ', യുവജനങ്ങൾക്കിടയിലെ വായനാശീലം വർദ്ധിപ്പിക്കുവാനായി 'റീഡേഴ്‌സ് ക്ലബ് ' എന്നിവയും പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കൊവിഡിനൊപ്പം പ്രളയ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ കളക്ടർക്കൊപ്പം അവരുണ്ടായിരുന്നു.