പത്തനംതിട്ട: സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി ശതാബ്ദി ആഘോഷ സമാപനവും പെരുന്നാളും 30, 31 തീയതികളിൽ നടക്കും. ആർഭാടങ്ങളൊഴിവാക്കി സാമൂഹികസേവന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഒരുവർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷം സംഘടിപ്പിച്ചതെന്ന് ഇടവക വികാരി ഫാ.കെ.ജി. പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 30ന് രാവിലെ 8ന് വി.മൂന്നിന്മേൽ കുർബാനയ്ക്ക് തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും. 11ന് ശതാബ്ദി സമാപന സമ്മേളനം മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഡോ. സഖറിയാസ് മാർ നിക്കോളാവാസ് മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശം നൽകും. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും.ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ, സഭാ സെക്രട്ടറി ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ.ടൈറ്റസ് ജോർജ് എന്നിവർ പ്രസംഗിക്കും. ഡയാലിസിസ് രോഗികൾക്കുള്ള യുവജനപ്രസ്ഥാനം നൽകുന്ന ചികിത്സാ സഹായം യോഗത്തിൽ വിതരണം ചെയ്യും.15 ലക്ഷം രൂപ ചെലവിൽ ഇടവക രണ്ട് പുതിയ ഭവനങ്ങൾ നിർമ്മിച്ച് ആവശ്യക്കാർക്കു നൽകി. പ്രകൃതിക്ഷോഭത്തിൽ തകർന്ന ഒരു വീടിന്റെ പുനരുദ്ധാരണവും നിർവഹിച്ചു. നിർദ്ധനരായ നാല് യുവതികളുടെ വിവാഹത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകിയതായും ഭാരവാഹികൾ പറഞ്ഞു.സഹവികാരി ഫാ.അഖിൽ വർഗീസ്, ട്രസ്റ്റി കെ.ജി. വർഗീസ്, സെക്രട്ടറി സിജു ടി.സാം,ജനറൽ കൺവീനർ സുനിൽ ജോർജ്, പ്രോഗ്രാം കൺവീനർ ജേക്കബ് ദാനിയേൽ, പബ്ലിസിറ്റി കൺവീനർ ജോബിൻസ് സാമുവൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.