താഴൂർ : മകരച്ചൂടിൽ ഭക്തിവാനോളം ഉയർത്തി താഴൂർ ഭഗവതിക്ഷേത്രം നാടിന് സമർപ്പിച്ചു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികത്വം വഹിച്ചു. ദേവീ വിഗ്രഹം ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് പ്രതിഷ്ഠ നടത്തി. തുടർന്ന് അഷ്ടബന്ധലേപനവും ദ്രവ്യകലശാഭിഷേകത്തോടുകൂടിയ ഉച്ചപൂജയും താഴികകുട പ്രതിഷ്ഠയും നടത്തി. ഗണപതി, ശിവൻ, ശാസ്താവ്, യക്ഷി, മാടസ്വാമി എന്നീ ഉപദേവമാരുടെ പ്രതിഷ്ഠാ കർമങ്ങളും നടന്നു. സമർപ്പണ സമ്മേളനം തന്ത്രി കണ്ഠര് രാജീവര് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ജി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥപതി എ.ബി.ശിവൻ, സെക്രട്ടറി കെ.ജയകുമാർ, എൻ.പി ജനാർദ്ദനൻനായർ, എൻ.ആർ.വിജയക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ക്ഷേത്റ നിർമാണത്തിന് നേതൃത്വം നൽകിയവരെ ആദരിച്ചു.ശില്പകലയ്ക്കു പ്രാധാന്യം നൽകിയ ക്ഷേത്രം പൂർണമായും നിർമ്മിച്ചത് കൃഷ്ണശിലയിലാണ്. ക്ഷേത്ര ശ്രീകോവിൽ, നമസ്‌ക്കാര മണ്ഡപം, ചുറ്റമ്പലം, ബലിക്കൽപ്പുര,യക്ഷിയമ്പലം ഉൾപ്പെടെ താഴൂർ ഭഗവതീക്ഷേത്രം ഏകദേശം 5600 ചതുരശ്റ അടി വിസ്തീർണത്തിലാണ് തയാറാക്കിയിരിക്കുന്നത്.