പത്തനംതിട്ട : ഹരിതകർമ്മസേന ചെക്ക് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ക്ലീൻ കേരള കമ്പനി ജില്ലയിലെ 46 ഗ്രാമപഞ്ചായത്തുകളിൽ നിന്നും രണ്ടു നഗരസഭകളിൽ നിന്നുമായി ശേഖരിച്ചത് 22 ടൺ അജൈവ മാലിന്യങ്ങൾ. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിന്റെ തതുല്യമായ ചെക്ക് തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ ഹരിതകർമ്മസേന സെക്രട്ടറിക്ക് കൈമാറുന്ന രീതിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
ജില്ലയിൽ ആകെ 3,38,800 രൂപയാണ് ക്ലീൻ കേരള കമ്പനി ഹരിതകർമ്മസേനയ്ക്ക് കൈമാറുന്നത്. തിരുവല്ല നഗരസഭ, പന്തളം നഗരസഭ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തുകയുടെ ചെക്ക് നൽകുന്നത്. തിരുവല്ല നഗരസഭയിൽ 1,86,800 രൂപയുടേയും പന്തളം നഗരസഭയിൽ 22,720 രൂപയുടെയും ചെക്കാണ് ഹരിതകർമ്മസേനകൾക്ക് ലഭിക്കുന്നത്. ജില്ലയിലെ ഗ്രാമങ്ങളെ മാലിന്യമുക്തമായ ഗ്രാമങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. അതിനായി ഹരിതകർമ്മസേനയ്ക്കാവശ്യമായ പിന്തുണയും പരിശീലനവും ക്ലീൻ കേരള കമ്പനിയുടെ ഭാഗത്തുനിന്നും നൽകി വരുന്നുണ്ട്.