ചെങ്ങന്നൂർ: താലൂക്ക് ഓഫീസിന് പുതിയ കെട്ടിട സമുച്ചയ മൊരുങ്ങുന്നു.11വില്ലേജ് ഓഫീസുകളാണ് താലൂക്ക് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്നത്. സജി ചെറിയാൻ എംഎൽഎ യുടെ അഭ്യർത്ഥനയെ തുടർന്ന് സർക്കാർ റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിട നിർമ്മാണത്തിന് 5.99 കോടി അനുവദിക്കുകയായിരുന്നു. കേരള വാസ്തുവിദ്യാ ശൈലിയിൽ 19,282 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിലെ പ്രധാന കെട്ടിടത്തിന് മൂന്നു നിലയും സമീപ കെട്ടിടത്തിനു രണ്ടു നിലയും ഉണ്ടാകും. താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം കൂടാതെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള മുറികൾ,, പ്രകൃതിക്ഷോഭം, വരൾച്ച, ഭൂമികുലുക്കം, തീപിടിത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ സൂക്ഷിക്കേണ്ട കെട്ടിടങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ, ആധുനിക രീതിയിലുള്ള റിക്കാർഡ് റൂം,സ്‌ട്രോഗ് റൂം, കോൺഫ്രറൻസ് ഹാൾ, ട്രെയിനിഗ് ഹാൾ, കഫറ്റേരിയ,ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി എന്നിവയും ഉണ്ടാകും. ചെങ്ങന്നൂർ വില്ലേജ് ഓഫീസും ഈ കെട്ടിട സമുച്ചയത്തിലാകും പ്രവർത്തിക്കുക. ഒപ്പം വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. കെട്ടിട നിർമ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും സജി ചെറിയാൻ എം.എൽ. എ അറിയിച്ചു.
5.99 കോടി അനുവദിച്ചു
19,282 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടം