പത്തനംതിട്ട: നഗരസഭയിൽ എസ്.ഡി.പി.ഐയ്ക്കു സ്ഥിരംസമിതി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചതുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
32 അംഗ കൗൺസിലിൽ 16 പേരുടെ പിന്തുണയുള്ള എൽ.ഡി.എഫിന് അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികൾ സ്വന്തമാക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു. പ്രതിപക്ഷമായ യു.ഡി.എഫിന് 13 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയും ലഭിച്ചു. മൂന്നംഗങ്ങളുള്ള എസ്.ഡി.പി.ഐയ്ക്ക് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ലഭിച്ചതെങ്ങനെ എന്നതു സംബന്ധിച്ച് ദുരൂഹത നിലനിൽക്കുകയാണ്.
പത്തനംതിട്ടയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വീതംവയ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഘടകകക്ഷിയെന്ന നിലയിൽ സി.പി.ഐയ്ക്ക് ഒരു അദ്ധ്യക്ഷസ്ഥാനം അവകാശപ്പെട്ടതാണ്. ഇതു ലഭിച്ചിട്ടില്ല. സി.പി.ഐയ്ക്കു നീക്കിവച്ച അദ്ധ്യക്ഷസ്ഥാനമാകാം എസ്.ഡി.പി.ഐ കൊണ്ടുപോയതെന്നു സംശയിക്കുന്നു. ഇത്തരമൊരു സാഹചര്യം സംജാതമായത് എൽ.ഡി.എഫിനുണ്ടായ വീഴ്ചയാണ്. എൽ.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ എസ്.ഡി.പി.ഐയ്ക്കു സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം ലഭിച്ചതു സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾക്കും വിശദീകരിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. നഗരസഭാ ഭരണം എസ്.ഡി.പി.ഐയുമായി പങ്കുവച്ചുവെന്ന തരത്തിൽ സംസ്ഥാനവ്യാപകമായി പ്രചാരണമുണ്ടാകുന്നത് ഇടതു മതേതര ജനാധിപത്യ വിശ്വാസികൾക്കിടയിൽ ആശങ്ക ഉണ്ടായിരിക്കുകയാണെന്ന് സി.പി.ഐ കുറ്റപ്പെടുത്തി.
ജില്ലാ എക്‌സിക്യൂട്ടീവംഗം അടൂർ സേതു, മണ്ഡലം സെക്രട്ടറി എം.കെ. സജി, ജില്ലാ കമ്മിറ്റിയംഗം വി.കെ. പുരുഷോത്തമൻപിള്ള, അബ്ദുൾ ഷുക്കൂർ, മണ്ഡലം സെക്രട്ടേറിയറ്റംഗം കെ. ജയകുമാർ, പത്തനംതിട്ട ലോക്കൽ സെക്രട്ടറി ബി. ഹരിദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.