പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലന ക്ളാസിൽ പങ്കെടുത്ത പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രതിഫലം ലഭിക്കാത്തത് സംബന്ധിച്ച് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. പറക്കോട്, കോന്നി, പന്തളം, മല്ലപ്പള്ളി ബ്ളോക്കുകളിൽ നിന്ന് ഇലക്ഷൻ ക്ളാസിൽ പങ്കെടുത്തവർക്കാണ് പ്രതിഫലം നൽകാതിരുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം അറിയിച്ചിരുന്നെങ്കിലും ഇന്നലെ പ്രതികരിച്ചില്ല.

ക്ളാസിൽ പങ്കെടുത്തവർക്ക് പണം മുഴുവൻ കൊടുത്തുതീർത്തെന്നാണ് പറക്കോട് ബ്ളോക്ക് അധികൃതർ ആദ്യം വിശദീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ 28 പേർക്ക് പണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായി. അതിൽ 18 പേരുടെ അക്കൗണ്ട് നമ്പരും െഎ.എഫ്.സി കോഡും ലഭിച്ചില്ലെന്നാണ് ബ്ളോക്ക് അധികൃതർ പറയുന്നത്.

അധികൃതരുടെ വിശദീകരണം ശരിയല്ലെന്ന് ക്ളാസിൽ പങ്കെടുത്തവർ പറയുന്നു. ട്രെൻഡ് എന്ന വെബ്സൈറ്റിൽ ഇലക്ഷൻ ക്ളാസിൽ പങ്കെടുത്തവരുടെ അക്കൗണ്ട് നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും ചേർത്തിരുന്നു. ഏതെങ്കിലും വിവരം ചേർക്കാതിരുന്നാൽ പൂർണമല്ല എന്ന മെസേജ് ലഭിക്കും. അപേക്ഷ വിവരങ്ങൾ വെബ്സൈറ്റ് സ്വീകരിക്കുകയുമില്ല. അക്കൗണ്ട് നമ്പർ ഉൾപ്പെടെ ചേർത്ത് വൈബ്സൈറ്റിൽ സ്വീകരിച്ചവർക്കാണ് പണം ലഭിക്കാത്തത്. ഫണ്ട് വിതരണത്തിൽ ക്രമക്കേട് നടന്നതായി സംശയമുയർന്നത് ഇൗ സാഹചര്യത്തിലാണ്.

പണം ലഭിക്കാതിരുന്നവർ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഒാഫീസർ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാന, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ സമീപിക്കും.

ഇലക്ഷൻ ക്ളാസിൽ പങ്കെടുത്തവർക്ക് പ്രതിഫലം ലഭിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ചെലവിനുള്ള ഫണ്ട് വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.