പന്തളം: പന്തളത്ത് വീടു കുത്തിത്തുറന്ന് മോഷണം. ചങ്ങനാശേരി തൃക്കൊടിത്താനം കേച്ചേരി വീട്ടിൽ രതീഷ് വാടകയ്ക്ക് താമസിക്കുന്ന പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനു സമീപം പനച്ചവിളയിൽ വീട്ടിലാണ് മോഷണം നടന്നത്. 1,55,000 രൂപയുടെ സ്വർണാഭരണങ്ങളും 12,500 രൂപയുമാണു മോഷ്ടിച്ചത്.
രതീഷും കുടുംബവും ചങ്ങനാശേരിയിലുള്ള ബന്ധുവിന്റെ വിവാഹത്തിന് ശനിയാഴ്ച രാവിലെപോയിരുന്നു. ഞായറാഴ്ച രാത്രി മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ അലമാര പരിശോധിച്ചപ്പോൾ ഒരു ജോഡി ഡയമണ്ട് കമ്മൽ, സ്വർണവള, മോതിരം എന്നിവ മോഷ്ടിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു.
പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, സൈന്റിഫിക് വിദഗ്ദ്ധർ, എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തുള്ള സിസിടിവി പരിശോധിച്ചു കൂടുതൽ തെളിവുകൾ ശേഖരിച്ചു വരുന്നു