valanteer

സൈന്യാധിപൻ മാറിയാലും സൈന്യം നിലനിൽക്കണം. അതാണ് നിയമം. യുദ്ധരംഗത്ത് പടയാളികൾ പോരാടുമ്പോൾ മുഖ്യ സൈന്യാധിപൻ വിരമിക്കുകയോ സ്ഥാനം മാറുകയോ ചെയ്താൽ സൈന്യത്തെ പിൻവലിക്കുകയാേ യുദ്ധം നിറുത്തുകയോ ചെയ്ത ചരിത്രം മുൻപ് കേട്ടിട്ടില്ല. പക്ഷേ, പത്തനംതിട്ടയിൽ അടുത്തിടെ 'സൈന്യാധിപൻ' മാറിയപ്പോൾ സേനാനികളെ പിരിച്ചുവിട്ടു. അതായത്, ജില്ലാ കളക്ടർ സ്ഥലം മാറിയപ്പാേൾ ജില്ലയിലെ കൊവിഡ് വാളണ്ടിയർ സേന ഇല്ലാതായി. ഇപ്പോൾ കൊവിഡിനെതിരെ പോരാടാൻ ജില്ലയിൽ പ്രതിരോധഭടൻമാർ ഇല്ലാത്ത സ്ഥിതിയാണ്. കൊവിഡ് വൈറസുകൾ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കെ വാളണ്ടിയർമാരെ പിരിച്ചുവിട്ട നടപടി ശരിയോ എന്ന ചോദ്യം പത്തനംതിട്ടയിൽ കേൾക്കുന്നുണ്ട്. പുതിയ ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റത് റിപ്പബ്ളിക് ദിനത്തിന്റെ തലേന്നാണ്. പഴയ കളക്ടർ ഡോ.പി.ബി. നൂഹ് അന്നു തന്നെ സംസ്ഥാന സഹകരണ വകുപ്പിലേക്ക് സ്ഥലംമാറി പോവുകയും ചെയ്തു. നൂഹ് കളക്ട‌റേറ്റിന്റെ പടിയിറങ്ങിയ ദിവസം തന്നെ കൊവിഡ് പ്രതിരോധ വാളണ്ടിയർ സേനയും കളക്ടറേറ്റ് വിട്ടു. ജില്ലയിൽ കൊവിഡ് പ്രതിരോധ സേനയുടെ പ്രസക്തി വർധിച്ച സമയത്ത് സേനയെ പിരിച്ചുവിട്ടത് കടന്ന കൈ ആയിപ്പോയെന്നാണ് വിമർശനം.

കൊവിഡ് കുതിക്കുന്നു

ഒരു മാസം മുൻപ് വരെ ജില്ലയിൽ ദിവസേന ശരാശരി 400 കൊവിഡ് പോസിറ്റീവ് എന്ന കണക്ക് കഴിഞ്ഞ ദിവസങ്ങളിൽ 600 എന്ന തോതിലേക്ക് കുതിച്ചുയർന്നു. കൊവിഡ് പിടിതരാതെ വ്യാപിക്കുന്ന ഘട്ടത്തിലാണ് പ്രതിരോധ പ്രവർത്തനത്തിന് ആളില്ലാതാകുന്നത്. പത്തനംതിട്ടയിലെ കൊവിഡ് പ്രതിരോധത്തിന് ജില്ലാ കളക്ട‌റായിരുന്ന പി.ബി നൂഹ് സ്വന്തം നിലയിൽ രൂപീകരിച്ചതാണ് വാളണ്ടിയർ സേന. കൊവിഡ് പ്രതിരോധത്തിന് അദ്ദേഹം നടപ്പാക്കിയ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയതുമാണ്. രോഗ വ്യാപനം തടയാൻ രൂപകരിച്ച വാളണ്ടിയർ സേനയുടെ സഹായത്തോടെയാണ് രോഗികളുടെ സഞ്ചാരപാത തയ്യാറാക്കിയത്. ജില്ലയിൽ രണ്ടായിരത്തിലേറെ കൊവിഡ് പ്രതിരോധ പ്രവർത്തകരാണ് രംഗത്തിറങ്ങിയത്. കളക്ടറേറ്റിൽ 120 പേരെ നിയോഗിച്ചു.

പ്രതിരോധ സേനയുടെ പ്രവർത്തനം

2020 മാർച്ച് ആറിന് ജില്ലയെ ഭീതിയിലാഴ്ത്തി ആദ്യ കോകൊവിഡ് കേസ് റാന്നിയിൽ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടക്കാർക്ക് ഇന്നും നടുക്കുന്ന ഒരോർമ്മയാണ്. സന്നദ്ധസേവകരെ ക്ഷണിച്ചുകൊണ്ട് മാർച്ച് ഒൻപതിന് കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് ഉത്തരമായി പിറ്റേന്ന് കളക്ടറേറ്റ് അങ്കണം സന്നദ്ധസേവകരാൽ നിറഞ്ഞു.
മാസ്‌ക്കുകളും സാനിറ്റൈസറുകളും വാങ്ങിക്കൂട്ടി പത്തനംതിട്ടക്കാർ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ മാർച്ച് 10ന് കളക്ടറുടെ സേന സജ്ജമായി. ആളും ആരവവും ഒഴിഞ്ഞ് നിശ്ചലമായ നഗരവീഥിയിൽ സന്നദ്ധസേവനത്തിന്റെ പുതിയ അദ്ധ്യായം കുറിച്ച് അവർ പ്രവർത്തനമാരംഭിച്ചു. കളക്ടറേറ്റിൽ ആരംഭിച്ച കൊവിഡ് സെൽ വോളന്റിയർ ടീമിന്റെ പ്രവർത്തനം ജിയോ മാപ്പിംഗിൽ തുടങ്ങി കൊവിഡ് ഇതര പ്രവർത്തനങ്ങൾ വരെ എത്തി നിൽക്കുന്നു.

ജില്ലാ അതിർത്തികളിലും, ബസ് സ്റ്റാൻഡുകളിലും കൊവിഡ് കെയർ സെന്ററുകളിലും അതിഥി തൊഴിലാളികളെ തിരികെ അയയ്ക്കുന്നതിലേക്കായി റെയിൽവേ സ്റ്റേഷനുകളിലും അവരുടെ സേവനം രാപ്പകലില്ലാതെ ലഭ്യമായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ജീവിതം ദുസഹമായവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ഫോൺ വിളിക്കപ്പുറം അവരുണ്ടായിരുന്നു. അവശ്യ സാധനങ്ങളും മരുന്നുകളും ഭക്ഷണപ്പൊതികളും വീടുകളിൽ എത്തിച്ചു നൽകുന്നതിനും അവർ സജ്ജരായിരുന്നു.
കളക്ടറേറ്റ് വളപ്പിലെ പക്ഷി വൈവിധ്യത്തിന്റെ കലവറയായ 'കൂടൊരുക്കാം ' പദ്ധതി, അംഗൻവാടികളുടെ നവീകരണം, അഗതികൾക്കും അശരണർക്കും ആശ്വാസമായ 'പ്രോജക്ട് ഹാപ്പിനെസ്സ് ', യുവജനങ്ങൾക്കിടയിലെ വായനാശീലം വർധിപ്പിക്കുവാനായി 'ഡി സി റീഡേഴ്‌സ് ക്ലബ് ' എന്നിവയും ലോക്ഡൗൺ കാലത്ത് ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു. കൊവിഡിനൊപ്പം പ്രളയ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുവാൻ കളക്ടർക്കൊപ്പം അവരുണ്ടായിരുന്നു.
കളക്ടറുടെ സ്വപ്നങ്ങളെ ഹൃദയത്തോട് ചേർത്തുനിറുത്തിയ ഈ യുവജനങ്ങൾ ജില്ലയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. ജനുവരി 25 ന് 325 ദിവസത്തെ സേവനം പൂർത്തിയാക്കി അവർ കളക്ടറേറ്റിന്റെ പടി ഇറങ്ങുമ്പോൾ കൂടെയുള്ളത് അനുഭവങ്ങളുടെ കരുത്തും കുറേ ഓർമകളുമാണ്.