ksrtc

പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പഴയ കെട്ടിടം പൊളിച്ചു തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ കെട്ടിടം പൂർണമായി പൊളിച്ചു മാറ്റി യാർഡ് നിർമ്മിക്കാനുള്ള പണി ആരംഭിക്കും. മൂന്നാം തീയതി മുതൽ ഡി.ടി.ഒയുടെ അടക്കമുള്ള ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എട്ടോളം സെക്ഷനിൽ മുപ്പത്തിരണ്ടോളം ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത്. പത്തനംതിട്ടയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഗാരേജ് അതുപോലെ നിലനിറുത്തിയാണ് യാർഡിന്റെ പണികൾ പൂർത്തീകരിക്കുക. രണ്ട് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി പണി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ . വർക്ക് ഷോപ്പ് ഒഴികെയുള്ള ഓഫീസ്, സെക്യൂരിറ്റി കെട്ടിടം പൊളിച്ചു മാറ്റിയാലേ പുതിയ കെട്ടിടത്തിന് പാർക്കിംഗിനായി സ്ഥലം ലഭിക്കു. അതിനാലാണ് വേഗത്തിൽ ഓഫീസ് കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതും പഴയത് പൊളിച്ചു മാറ്റുന്നതും.

വർഷം 5 കഴിഞ്ഞു കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം ആരംഭിച്ചിട്ട് . ഉദ്യോഗസ്ഥരും കരാറുകാരുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇടയ്ക്ക് വച്ച് നിർമ്മാണം നിലയ്ക്കാൻ കാരണം. വീണ്ടും നിർമ്മാണം ആരംഭിച്ചെങ്കിലും മുഴുവൻ പണികളും പൂർത്തീകരിച്ചിട്ടില്ല. മൂന്ന് നിലയുള്ള ബസ് ടെർമിനലിന്റെ താഴത്തെ നില ഒഴികെ ബാക്കി നിലകളുടെ പണി പൂർത്തിയായി ഇതോടൊപ്പം വർക്ക്‌ഷോപ്പും ഗാരേജും നവീകരിക്കും. ശബരിമല മണ്ഡലകാലത്ത് ലക്ഷക്കണക്കിന് തീർത്ഥാടകർ വന്നെത്തുന്ന സ്ഥലമാണ് ഇവിടം.. ഇതിനായി കെ.എസ്.ആർ.ടി.സി അധിക സർവീസുകളും നടത്താറുണ്ട്. ഇപ്പോൾ നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം കെ.എസ്.ആർ.ടി.സിസ്റ്റാൻഡായി ഉപയോഗിക്കുകയാണ്. പണി ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പണി പൂർത്തികരിക്കണമെന്നായിരുന്നു തീരുമാനിച്ചത് . 2017 മാർച്ച് 31വരെ ആയിരുന്നു പൂർത്തീകരിക്കാൻ സമയം നൽകിയത്. അത് നടന്നില്ല. ഇതോടൊപ്പം തറക്കല്ലിട്ട് പണി ആരംഭിച്ച തിരുവല്ല കെ.എസ്.ആർ.ടി.സി ടെർമിനൽ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.