bypass
തിരുവല്ല ബൈപ്പാസ് മല്ലപ്പള്ളി റോഡുമായി ബന്ധിക്കുന്ന ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കുന്ന ജോലികൾ പുരോഗമിക്കുന്നു

തിരുവല്ല: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവിൽ തിരുവല്ല ബൈപ്പാസിന്റെ അവസാനഘട്ടത്തിന്റെ നിർമ്മാണവും പൂർത്തിയാകുന്നു. ബൈപ്പാസിന്റെ ബാക്കിയുള്ള ജോലികൾ കൂടി പൂർത്തിയാക്കി അടുത്തമാസം രണ്ടാമത്തെ ആഴ്ചയിൽ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ബൈപ്പാസിന്റെ അവസാനഘട്ടമായ രാമഞ്ചിറ - മല്ലപ്പള്ളി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ പണികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. മേൽപ്പാലത്തിന്റെ തൂണുകളുമായി ബന്ധിപ്പിച്ചുള്ള സ്ളാബുകളുടെ കോൺക്രീറ്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. മേൽപ്പാലം മല്ലപ്പള്ളി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് മണ്ണിട്ടുയർത്തുന്ന ജോലികളും അവസാനഘട്ടത്തിലായി. രാമഞ്ചിറയിൽ എം.സി.റോഡും മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഇവിടുത്തെ കലുങ്കിന്റെയും തോടിന്റെയും പണികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. റോഡ് മണ്ണിട്ടുയർത്തി നിരപ്പാക്കുന്ന ജോലികളാണ് നടന്നുവരുന്നത്. ഇതേതുടർന്ന് ബി.എം ആൻഡ് ബി.സി ടാറിംഗ് ജോലികളും ഉടൻ പൂർത്തിയാക്കും. രാമഞ്ചിറയിലും മല്ലപ്പള്ളി റോഡിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ, മാർക്കിംഗുകൾ, ഓടയുടെ നിർമ്മാണം എന്നിവ കൂടി പൂർത്തിയാക്കാനുണ്ട്. അലൈൻമെന്റിൽ മാറ്റം വന്നതോടെ രാമഞ്ചിറയിൽ അധികമായി ലഭിച്ച സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഉപയോഗപ്പെടുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പ്രതിബന്ധങ്ങളെ അതിജീവിച്ച ബൈപ്പാസ്


കാൽനൂറ്റാണ്ട് മുമ്പ് ലക്ഷ്യമിട്ട തിരുവല്ല ബൈപ്പാസ്,സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഇതിന്റെ കേസുകളും ഡിസൈനിലുണ്ടായ അപാകതയും പ്രശ്നങ്ങൾ സൃഷ്ടിച്ചു.പിന്നീട് പുതിയ ഡിസൈൻ തയാറാക്കി ലോകബാങ്കിന്റെ അനുമതി നേടിയെടുത്തു.പഴയ കരാർ അവസാനിപ്പിച്ച് പുതിയ ടെൻഡർ വിളിച്ച ശേഷമാണ് അവസാനഘട്ട പണികൾ തുടങ്ങിയത്. ഇതിനിടെ വെള്ളപ്പൊക്കവും കൊവിഡ് മൂലമുണ്ടായ തൊഴിലാളി ക്ഷാമവും പ്രശ്നങ്ങളുണ്ടാക്കി. ഇതുകാരണം ബൈപ്പാസിന്റെ പൂർത്തിയായ ഭാഗങ്ങൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു. നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച തിരുവല്ല ബൈപ്പാസ് പൂർണമായും അതിവേഗത്തിൽ തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

നീളം 2.4 കി.മി


എം.സി റോഡിൽ മഴുവങ്ങാട് ചിറയിൽ നിന്നും ആരംഭിച്ച് രാമഞ്ചിറയിലൂടെ എം.സി റോഡിൽ എത്തിച്ചേരുന്ന ബൈപ്പാസിന് 2.4 കി.മി നീളമുണ്ട്‌. രണ്ടാംഘട്ടത്തിൽ 37 കോടി ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.