മല്ലപ്പള്ളി: റിപ്പബ്ലിക്ക് ദിനത്തിൽ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ പതിനായിരം സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലും നടപ്പാക്കി സമ്പൂർണ ലക്ഷ്യം കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കല്ലൂപ്പാറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, പട്ടികജാതി വികസന ഓഫീസ്, തുടർവിദ്യാഭ്യാസ കേന്ദ്രം,കൃഷി അസിസ്റ്റന്റ് ഡയറക്ടർ, വനിതാ ശിശു വികസന ഓഫീസ്,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസ് എന്നിവിടങ്ങളിൽ ഹരിത ഓഡിറ്റ് ടീം നടത്തിയ പരിശോധനയിലാണ് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങളാണെന്ന് കണ്ടെത്തിയത്. സംസ്ഥാന സർക്കാരും ഹരിത കേരള മിഷനും ചേർന്ന് തയാറാക്കിയ സാക്ഷ്യപത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ സെക്രട്ടറി ബി.ഉത്തമന് കൈമാറി. വിവിധ സ്ഥാപനങ്ങൾക്കുള്ള സാക്ഷ്യപത്രവും സ്ഥാപന മേധാവികൾ ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാവരും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച പ്രതിജ്ഞ ചൊല്ലി. തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലൈല അലക്‌സാണ്ടർ, അംഗങ്ങളായ ബാബു കൂടത്തിൽ, ഈപ്പൻ വറുഗീസ്, സുധി കുമാർ, സിന്ധു സുബാഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.ഉത്തമൻ,ഹരിത കേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ എസ്.വി.സുബിൻ എന്നിവർ സംസാരിച്ചു.