ചെങ്ങന്നൂർ: വിദേശ നിർമ്മാണ രീതിയോടു കിടപിടിക്കുന്ന കെട്ടിട സമുച്ചയങ്ങളുമായി എം.സി റോഡരുകിൽ സർക്കാർ വിശ്രമകേന്ദ്രമൊരുങ്ങി. ചെങ്ങന്നൂർ കല്ലിശേരി പൊതുമരാമത്തു വകുപ്പ് ടി.ബിയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായി. 30 വൈകിട്ട് ആറിന് മന്ത്രി ജി.സുധാകരൻ കെട്ടിടം ഉദ്ഘാടനം നിർവഹിക്കും.102 വർഷം പഴക്കമുള്ള ടി.ബി യെ ആധുനിക വത്ക്കരിക്കുന്നതിന്റെ ഭാഗമായി സജി ചെറിയാൻ എം.എൽ.എ മന്ത്രി ജി.സുധാകരന് നൽകിയ അഭ്യർത്ഥനയെ തുടർന്ന് കെട്ടിടനിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് രണ്ടര കോടി രൂപ അനുവദിക്കുകയായിരുന്നു. എം.സി റോഡിൽ ഇറപ്പുഴ പാലത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ എത്തിയ സായിപ്പിന് താമസിക്കുന്നതിനാണ് കല്ലിശേരി ജംഗ്ഷന് സമീപം 1918 ടി.ബി കെട്ടിടം സ്ഥാപിച്ചത്.1985ൽ നിർമ്മിച്ച പഴയ കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ നാലു മുറികളിൽ മാത്രം പ്രവർത്തിച്ചിരുന്ന ടി.ബിയെ കൂടുതൽ ആകർഷകമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത്. നിലവിലെ ടി.ബി കെട്ടിടത്തിന്റെ വടക്കുഭാഗത്തായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
പുതിയ കെട്ടിടം
രണ്ടു നിലകളിലായി 7800 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടത്തിൽ ആറ് എസി ഡബിൾ മുറികളും ,ഒരു എസി സ്യൂട്ട് റൂമുമാണ് നിർമ്മിക്കുന്നത്. ചെറിയ യോഗങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ 800 ചതുരശ്ര അടി വരുന്ന കോൺഫ്രറൻസ് ഹാളും ഉണ്ട്. നിലവിലുള്ള പ്രധാന കെട്ടിടത്തിലെ നാലു മുറികളും കെട്ടിടത്തോടു ചേർന്ന മറ്റു മുറികളും പുതുക്കിപ്പണിയും. ദൂരദർശൻ ഉപയോഗിച്ചിരുന്ന കെട്ടിടം ഏറ്റെടുത്ത് നവീകരിക്കും. ഇതോടെ ടിബിയിൽ 14 മുറികൾ ഉപയോഗത്തിൽ വരും. പുതിയ പാചകശാലയും ആരംഭിക്കും.
- ഉദ്ഘാടനം 30ന് വൈകിട്ട് 6ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും
-പാചക ശാല ഉൾപ്പെടെ 14 മുറികൾ