കോന്നി എലിഫന്റ് മ്യൂസിയത്തിലേക്കുള്ള ചിത്രങ്ങൾ തയ്യാറാകുന്നു
തണ്ണിത്തോട്: കോന്നി ഇക്കോ ടൂറിസം സെന്ററിലെ എലിഫന്റ് മ്യൂസിയത്തിലെ ആർട്ട് ഗാലറിയിലേക്ക് ആനകളുടെ ചിത്രങ്ങൾ ഒരുങ്ങുന്നു. അടവിയിൽ പേരുവാലിയിൽ കല്ലാറിന്റെ തീരത്ത് കേരള ലളിതകലാ അക്കാഡമിയിലെ കലാകാരൻമാരും കലാകാരികളുമാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.
ആനമ്യൂസിയത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് കോന്നിയിലെ ആനക്കഥകൾ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും.
മ്യൂസിയത്തിന്റെ മുകളിലത്തെ പവലിയനിലാണ് ആർട്ട് ഗ്യാലറി വരുന്നത് കേരള ലളിത കലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, മാനേജർ സുഗതകുമാരി എന്നിവരുടെ നേതൃത്വത്തിൽ സീയെം പ്രസാദ്, സതീഷ് കെ. കെ, ജോബിൻ ജോസഫ്, അശ്വതി, ബൈജു, മീരകൃഷ്ണ എന്നിവരാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ചിത്രകലാ ക്യാമ്പ് കെ. യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സജയ് കുമാർ, ഡി.എഫ്.ഒ. കെ.എൻ.ശ്യാംമോഹൻലാൽ, അസിസ്റ്റന്റ് കൺസർവേറ്റർമാരായ സി.കെ.ഹാബി, കെ.വി. ഹരികൃഷ്ണൻ, ലളിതകലാ അക്കാഡമി മനേജർ സുഗതകുമാരി തുടങ്ങിയവർ പങ്കെടുത്തു.
ചുവർചിത്രങ്ങളും
കല്ലാറിന്റെ തീരത്തെ പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ തുറസായ സ്ഥലത്താണ് ആനക്കഥകൾ ചായത്തിൽ ചാലിച്ചെടുക്കുന്നത്. ആനമ്യൂസിയത്തിലെ താഴത്തെ ഗാലറിയിൽ ആനചരിത്രവും ഡിജിറ്റൽ സംവിധാനത്തോടെയുള്ള ശബ്ദ വീഡിയോ ക്രമീകരണവുമാണ് ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിന്റ പ്രധാന കവാടത്തിന്റെ ഇരുവശത്തുമായി കാട്ടാനകളുടെയും നാട്ടാനകളുടെയും ചരിത്രം പറയുന്ന ചുവർചിത്രങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. കോന്നി ഇക്കോടൂറിസം സെന്ററിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ആനക്കഥകൾ ചുവർചിത്രങ്ങളിലൂടെയും ചിത്ര കലയിലൂടെയും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. പത്ത് കാൻവാസുകളിലായി ഓരോരുത്തരും രണ്ട് ചിത്രങ്ങൾ വീതമാണ് വരയ്ക്കുന്നത്. അടവി ഇക്കോ ടൂറിസം പദ്ധതിയുടെ പേരുവാലയിലെ മരമുകളിലെ മുളംകുടിലുകളിൽ (ട്രീ ടോപ്പ് ബാബു ഹട്ട് ) ജനുവരി 30 വരെ താമസിച്ചാണ് ചിത്രരചന പൂർത്തിയാക്കുന്നത്.