aa

കോന്നി: പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് അപേക്ഷ ലഭിച്ചാൽ രേഖകൾ പരിശോധിച്ച് ഉടൻതന്നെ അനുമതി നൽകണമെന്ന് കോന്നി തഹസീൽദാർ എല്ലാ വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി. മരം മുറിക്കുന്നതിന് ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നത് സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിയമസഭയിൽ റവന്യു മന്ത്രിയോട് ചോദ്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് തഹസീൽദാർ ഉത്തരവിറക്കിയത്. കൈവശ സർട്ടിഫിക്ക​റ്റ് നൽകാനുള്ള ഉത്തരവാദിത്വമാണ് റവന്യു ഉദ്യോഗസ്ഥർക്കുള്ളത്. മരംമുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

1964ലെ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചവർക്കുൾപ്പടെ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിച്ചു മാ​റ്റുന്നതിന് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നതിനെതിരെ കർഷർ പ്രതിഷേധത്തിലായിരുന്നു. പ്രശ്നം എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും റവന്യൂ,വനം വകുപ്പ് മന്ത്റിമാരെ പങ്കെടുപ്പിച്ച് യോഗം ചേരുകയും ചെയ്തിരുന്നു.ഇതിനെ തുടർന്ന്

ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് തടസ്സമില്ല എന്നു വ്യക്തമാക്കി റവന്യൂ വകുപ്പ് 2020 മാർച്ച് 11 ന്

ഉത്തരവിറക്കിയിരുന്നു..

ഉത്തരവിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടർന്നും മരംമുറി തടസ്സപ്പെടുത്തിയിരുന്നു. .1986 ലെ കേരള പ്രിസർവേഷൻ ഒഫ് ട്രീസ് ആക്ട് വകുപ്പ് 22 അനുസരിച്ച് കർഷകർ സ്ഥലം പതിച്ചു കിട്ടിയ ശേഷം നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുവാദം ആവശ്യമില്ല എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മരംമുറിച്ചു മാ​റ്റുന്നതിന് തടസ്സം സൃഷ്ടിച്ചാൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

വനം വകുപ്പ് നടത്തുന്ന തടസപ്പെടുത്തലിന് റവന്യൂ വകുപ്പ് ഉത്തരവാദി ആയിരിക്കില്ല എന്നും വനം വകുപ്പ് തടസ്സപ്പെടുത്തുന്നു എന്നു കാട്ടി കൃഷിക്കാർ പരാതി തന്നാൽ അത് ഉടൻതന്നെ കളക്ടർക്ക് കൈമാറണമെന്നും തഹസീൽദാരുടെ ഉത്തരവിൽ പറയുന്നു.

-------------------


കർഷകർക്ക് നിയമാനുസരണം പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാമെന്നിരിക്കെ ഇത് ഏത് ഉദ്യോഗസ്ഥൻ തടസ്സപ്പെടുത്താൻ ശ്രമിച്ചാലും അംഗീകരിക്കില്ല. കർഷകർക്കൊപ്പം നിന്ന് അവരുടെ അവകാശങ്ങൾ സംരക്ഷിക്കും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ