പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രതിഫലം കിട്ടാത്തത് സംബന്ധിച്ച് കൂടുതൽ പരാതികൾ ഉയരുന്നു. കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിഞ്ഞവർക്കും സ്പെഷ്യൽ ബാലറ്റുകൾ വീടുകളിൽ എത്തിച്ച പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രതിഫലം ലഭിച്ചിട്ടില്ല. ഇലന്തൂർ ബ്ളോക്കിലാണ് പരാതികളേറെയും. മറ്റ് ബ്ളോക്കുകളിൽ കുറച്ചു പേർക്ക് പണം കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള പണം മുഴുവൻ അനുവദിച്ചെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും പരാതികൾ പെരുകുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ ക്ളാസിൽ പങ്കെടുത്ത അദ്ധ്യാപകർക്ക് പ്രതിഫലം ലഭിക്കാത്ത വിവരം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും വീടുകളിൽ ബാലറ്റുമായി എത്തിയ സ്പെഷ്യൽ പോളിംഗ് ഒാഫീസർക്ക് 1000രൂപയും അസിസ്റ്റന്റ് ഒാഫീസർക്ക് 750രൂപയും പ്രതിഫലം പറഞ്ഞിരുന്നു. ഇവർക്കൊപ്പം വീട് കാണിച്ചു കൊടുക്കാൻ ഒരു റൂട്ട് ഒാഫീസർക്ക് 300 രൂപയും അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. ഒരു പഞ്ചായത്തിൽ ഇൗ മൂന്നു പേരുടെ ടീമാണ് ബാലറ്റുകൾ വീടുകളിൽ എത്തിച്ചിരുന്നത്. പ്രതിഫലം നൽകുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസമാകാറായിട്ടും പണം കിട്ടാത്തവർ ബന്ധപ്പെട്ട ബ്ളോക്ക് ഒാഫീസിൽ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
ചില ബ്ളോക്കുകളിൽ വോട്ടെണ്ണൽ ദിവസത്തെ പ്രതിഫലം ലഭിക്കാത്ത ഉദ്യോഗസ്ഥരുമുണ്ട്.