ആറന്മുള: മലയാളത്തിന്റെ കവയിത്രി സുഗതകുമാരിയുടെ വാഴുവേലിൽ തറവാട് ഇന്ന് പുരാവസ്തു വകുപ്പിന് സമർപ്പിക്കും. വൈകിട്ട് 3.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പണം നിർവഹിക്കും. വീണാ ജോർജ് എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യാതിഥിയാകും. വാഴുവേലിൽ തറവാട് അധിഷ്ഠാനം ഒഴികെ പൂർണമായും മരത്തടിയിൽ തീർത്തതാണ്. മലയാളി എന്നും പറയുമായിരുന്ന മലയാള വർഷം 99 ലെ വെള്ളപ്പൊക്കത്തെയും 2018ലെ പ്രളയത്തെയും അതിജീവിച്ചതാണ് ഈ തറവാട്. ചരിത്രപരവും വാസ്തുശിൽപാ പരവുമായ വാഴുവേലിൽ തറവാട് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിൽ സുഗതകുമാരിയും സഹോദരിമാരായ ഹ്യദയകുമാരി, സുജാതാകുമാരി എന്നിവർ അംഗങ്ങളുമായ വാഴുവേലിൽ ട്രസ്റ്റിന്റെ അനുമതിയോടെ സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയായിരുന്നു. ജീർണാവസ്ഥയിലേക്ക് എത്തിയ തറവാടിന്റെ ശാസ്ത്രീയ സംരക്ഷണ ജോലികൾ പുരാവസ്തു വകുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി. പഴമയുടെ തനിമ ഒട്ടും ചോരാതെ തറവാട് വീട് സമഗ്ര സംരക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ അറിയിച്ചു. തിരുവനന്തപുരം കേന്ദ്രമായ ഹൈ ഇലക്ട് എന്റർ പ്രൈസസ് ആണ് പുനർനിർമാണം പൂർത്തീകരിച്ചത്.