പത്തനംതിട്ട: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികൾ കൃഷി നശിപ്പിച്ചാൽ ഒാൺലൈനായി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കൃഷിയിടങ്ങളിൽ വന്യജീവി ആക്രമണമുണ്ടായാൽ നഷ്ടപരിഹാരത്തിന് പരാതി സമർപ്പിക്കേണ്ടത് എങ്ങനെയെന്നോ ആരെയാണ് സമീപിക്കേണ്ടതെന്നോ ഭൂരിഭാഗം പേർക്കും അറിയില്ലെന്ന് കൊടുമൺ അങ്ങാടിക്കൽ തെക്ക് മംഗലത്തിൽ വീട്ടിൽ സിജു സദാനന്ദൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കമ്മിഷൻ അംഗം വി.കെ ബീനാകുമാരിയുടെ ഉത്തരവ്.
വന്യജീവി ആക്രമണം മൂലം കൃഷിനാശം സംഭവിച്ചാൽ സംസ്ഥാന സർക്കാരിന്റെ htts://edistrict.kerala.gov.in എന്ന വെബ്പോർട്ടലിൽ നേരിട്ട് അപേക്ഷിക്കാം. അക്ഷയ കേന്ദ്രം വഴിയും അപേക്ഷ നൽകാം. കർഷകർ ഒാഫീസുകളിൽ നേരിട്ട് എത്തേണ്ടതില്ല. അപേക്ഷ ലഭിച്ചാലുടൻ വനംവകുപ്പിന്റെ അന്വേഷണ ഉദ്യേഗസ്ഥൻ സ്ഥലത്ത് നേരിട്ട് എത്തണം. ഒാൺലൈനായി സമർപ്പിക്കാൻ കഴിയാതിരുന്ന രേഖകൾ ഉദ്യോഗസ്ഥൻ നേരിട്ട് സ്വീകരിക്കണം.
വന്യജീവി ആക്രമണം സംസ്ഥാനത്തുടനീളമുണ്ട്. ജനങ്ങൾക്ക് സംഭവിക്കാവുന്ന നാശനഷ്ടങ്ങൾക്ക് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാണെന്ന വിവരം ജനങ്ങൾക്ക്, പ്രത്യേകിച്ച് വനമേഖലയിൽ വ്യക്തമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു.