പത്തനംതിട്ട: ആർദ്രം മിഷന്റെ ഭാഗമായി മൈലപ്ര, നാറാണംമൂഴി, തെള്ളിയൂർ, കുറ്റൂർ, കവിയൂർ, സീതത്തോട് എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നു.
കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറുവരെ ഒ.പി സൗകര്യം, ശ്വാസ് ആശ്വാസ് ക്ലിനിക്കുകൾ, മൂന്ന് ഡോക്ടർന്മാരുടെയും നാലു സ്റ്റാഫ് നഴ്‌സുമാരുടെയുംസേവനം, ഇ-ഹെൽത്ത്, റഫറൽ സംവിധാനം, വിദഗ്ദ്ധഡോക്ടർമാരുമായി ടെലി കൺസൾട്ടേഷൻ, ജനസൗഹൃദ അന്തരീക്ഷം എന്നീ സൗകര്യങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ലഭിക്കും. ശ്വാസകോശരോഗങ്ങൾക്ക് ശ്വാസ് ക്ലിനിക്കും വിഷാദരോഗത്തിന് ആശ്വാസ് ക്ലിനിക്കും കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരുക്കുന്നു.

മൊത്തം ജനങ്ങളുടെയും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ ഇ ഹെൽത്ത് സംവിധാനം കുടുംബാരോഗ്യകേന്ദ്രത്തിലെ ചികിൽസാ സംവിധാനത്തിൽ ഉപയോഗപ്പെടുത്തും. വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം ടെലി കൺസൾട്ടേഷൻ സംവിധാനം വഴി ലഭ്യമാക്കും. പൊതുജന സൗഹൃദമായ അന്തരീക്ഷം കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരുക്കും.
ഓരോ കുടുംബാരോഗ്യകേന്ദ്രത്തിനുമായി സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നോ എൻ.എച്ച്.എം ഫണ്ടിൽ നിന്നോ 15 ലക്ഷം രൂപയും ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്തും.

ജില്ലയിൽ നിലവിൽ 16 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. പുതിയതായി ആറ് കേന്ദ്രങ്ങളെകൂടി ഉയർത്തുന്നതോടെ ആകെ 22 കുടുംബാരോഗ്യകേന്ദ്രങ്ങളാകും.