waste
തിരുവല്ല കുരിശുകവലയ്ക്ക് സമീപത്തെ പുരയിടത്തിൽ മാലിന്യങ്ങൾ തള്ളിയനിലയിൽ

തിരുവല്ല: തിരക്കേറിയ നഗരമദ്ധ്യത്തിലെ മാലിന്യ നിക്ഷേപം സമീപവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കി. തിരുവല്ല - മാവേലിക്കര റോഡിൽ കുരിശുകവലയ്ക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിലെ വിജനമായ പുരയിടത്തിലാണ് കഴിഞ്ഞ കുറെ നാളുകളായി മാലിന്യം തള്ളുന്നത്. വേലികെട്ടി ഗേറ്റ് സ്ഥാപിച്ചിട്ടുള്ള പുരയിടത്തിൽ അനധികൃതമായി വഴിയുണ്ടാക്കിയാണ് മാലിന്യങ്ങൾ കൊണ്ടുവരുന്നത്. ഹോട്ടലുകളിലെ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി തള്ളുന്നത്. പ്രദേശത്താകമാനം ദുർഗന്ധം പരക്കുകയാണ്. കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് കാത്തിരിക്കുന്നവരെയാണ് മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധം ഏറെ ബുദ്ധിമുട്ടിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഹരിതകർമ്മസേന നഗരസഭയിലെ വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കുന്നുണ്ടെങ്കിലും മാലിന്യം നീക്കം ചെയ്യാൻ മാർഗമില്ല. നഗരസഭാ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരവാസികൾ ആവശ്യപ്പെട്ടു.