പെരിങ്ങനാട് : വീട്ടിൽ കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. പെരിങ്ങനാട് പുത്തൻചന്ത മലമുകൾ ഭാഗത്ത് ഹരിശ്രീ നിവാസിൽ അനിലിന്റെ വീട്ടിലാണ് പന്നിയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 6.30 നാണ് സംഭവം. തൊട്ടടുത്ത പുരയിടത്തിൽ നിന്ന് കുതിച്ചു വന്ന പന്നി മുറ്റത്തുനിന്ന അനിൽ കുമാറിനെ ഇടിച്ചിട്ടു . വീടിനുള്ളിൽ കടന്ന് അടുക്കളയിലെ ഗ്യാസ് സ്റ്റൗ നശിപ്പിച്ചു. പാത്രങ്ങളെല്ലാം തട്ടിയുടച്ചു. പച്ചക്കറികളും നശിപ്പിച്ചു. അടുക്കളയിൽ നിന്ന അനിലിന്റെ ഭാര്യ ശ്രീകലയേയും ആക്രമിച്ചു. ആളുകൾ ഓടി കൂടിയപ്പോഴേക്കും പന്നി ഒാടിപ്പോയി. അനിലും ശ്രീകലയും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഈ പ്രദേശത്തെ കൃഷിയിടങ്ങളിൽ പന്നിശല്യം രൂക്ഷമാണ്. എങ്കിലും പകൽ കൃഷിയിടങ്ങളിലെത്താറില്ല. ആദ്യമായാണ് വീടിനു ള്ളിൽ കടന്ന് ആക്രമണം നടത്തുന്നത്.