അടൂർ കെ. ഐ. പി വലതുകര കനാൽ തുറന്നുവിടാത്തത് മൂലം കാർഷികവിളകൾ നശിക്കുന്നു. മുൻ വർഷങ്ങളിൽ ജനുവരി പകുതിയോടെ കനാൽ തുറന്നുവിട്ട് വെള്ളം എത്തിച്ചിരുന്നു. ഇത്തവണ തുലാമഴയുടെ അളവ് കുറവായിരുന്നതോടെ ജലാശയങ്ങൾ വറ്റിവരണ്ടിരിക്കുകയാണ്. മൂന്നാഴ്ച മുൻപ് കാലംതെറ്റിപ്പെയ്ത മഴയാണ് ആശ്വാസമായത്. കനാൽ ജലം ലഭ്യമാക്കുന്നതിന് മുന്നോടിയായി വർഷംതോറും നടത്തിവരുന്ന ശുചീകരണം നേരത്തെ പൂർത്തിയാക്കിയെങ്കിലും വെള്ളം എത്തിയില്ല. വലതുകര മെയിൻ കനാലുകളിലും സബ്കനാലുകളിലും വെള്ളം ഒഴുക്ക് തുടങ്ങുന്നതോടെ ഒട്ടുമിക്ക വയലുകളിലും പുരയിടങ്ങളിലും നീരുറവ രൂപം കൊള്ളുകയും മതിയായ വെള്ളം ലഭ്യമാകുകയും ചെയ്യും. ഇത് ആയിരക്കണക്കിന് കർഷകർക്ക് ആശ്വാസമായിരുന്നു. വേനൽക്കാലവിളകളുടെ വളർച്ചയ്ക്ക് ഒരുപരിധിവരെ ശക്തിയേകുന്നത് കനാൽ ജലമാണ്. മുൻകാലങ്ങളിൽ നിന്നുംവത്യസ്തമായി ഇപ്പോൾ തരിശുകിടന്ന പാടശേഖരങ്ങളും പുരയിടങ്ങളും കൃഷിക്ക് വഴിമാറിയിട്ടുണ്ട്. വിവിധയിനം പച്ചക്കറികൾ, വെറ്റില, ഏത്തവാഴ, മരച്ചീനി തുടങ്ങിയവയാണ് കൃഷിചെയ്തുവരുന്നത്. പാടശേഖരങ്ങളിലും വെള്ളംവറ്റിത്തുടങ്ങി. നീരൊരുക്ക് പുനരാരംഭിക്കണമെങ്കിൽ കനാലിൽ വെള്ളം ഒഴുകിയെത്തണം.
----------------
മതിയായ മഴലഭിക്കാത്തതിനാൽ പാടശേഖരങ്ങൾ വരൾച്ചയുടെ പിടിയിലാണ്. കാർഷിക വിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങുന്നു. കനാൽ തുറന്ന് വിടാൻ നടപടി വേണം
അനീഷ് കുമാർ
കർഷകൻ.
-------------
കർഷകർ നേരിടുന്ന ബുദ്ധിമുട്ട് കെ. ഐ. പി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. കനാൽ തുറന്നുവിടാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.ഇക്കാര്യം കൃഷിമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.
ചിറ്റയം ഗോപകുമാർ എം. എൽ. എ