കോന്നി: ലോക്ക് ഡൗണിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന ഗവ. മെഡിക്കൽ കോളേജ് കുടിവെള്ളപദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. 30ന് ഉച്ചയ്ക്ക് രണ്ടിന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും. നബാർഡ് ധനസഹായത്തോടെ 13.98 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. റവന്യൂ വകുപ്പ് സൗജന്യമായി ലഭ്യമാക്കിയ ഒരേക്കർ സ്ഥലത്താണ് ശുദ്ധീകരണ ശാലയും ജലസംഭരണിയും സ്ഥാപിച്ചത്.
പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിന് സമീപം സ്ഥാപിച്ച ശുദ്ധീകരണ ശാലയിൽ പ്രതിദിനം 50 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയും. അരുവാപ്പുലം പഞ്ചായത്ത് പരിധിയിൽ അച്ചൻകോവിൽ ആറിന്റെ തീരത്ത് മട്ടയ്ക്കൽ കടവിൽ നിർമ്മിച്ച കിണറിൽ നിന്ന് 4.52 കിലോ മീറ്റർ ദൂരം 300 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പിലൂടെയാണ് ജലം മെഡിക്കൽ കോളജിന് സമീപമുള്ള ശുദ്ധീകരണശാലയിലേക്ക് എത്തിക്കുന്നത്. ഇതിനായി കിണറിനോട് ചേർന്ന് 15 എച്ച്.പി ശേഷിയുള്ള പമ്പ് സെറ്റും സ്ഥാപിച്ചിട്ടുണ്ട്.
ശുദ്ധീകരണ പ്രക്രിയ പൂർത്തിയായ ശേഷം വെള്ളം ഏഴ് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയിലേക്കും അവിടെ നിന്ന് 15 എച്ച്.പി ശേഷിയുള്ള പമ്പ് ഉപയോഗിച്ച് മുകളിൽ സ്ഥാപിച്ചിട്ടുള്ള 10 ലക്ഷം ലിറ്റർ ഉൾക്കൊള്ളുന്ന സംഭരണിയിലേക്കും മാറ്റും. അവിടെ നിന്നാകും ശുദ്ധജലം 350 മീറ്റർ ദൂരെയുള്ള മെഡിക്കൽ കോളജിലേക്ക് എത്തിക്കുക.
500 കിടക്കകളുള്ള ആശുപത്രിക്കും 500 വിദ്യാർത്ഥികൾക്കും
സ്റ്റാഫുകൾക്കും ഹോസ്റ്റലിനും ക്വാട്ടേഴ്‌സിനും ആവശ്യമായ 30 ലക്ഷം ലിറ്റർ ശുദ്ധജലം പദ്ധതിയിലൂടെ പ്രതിദിനം ലഭിക്കും. കൂടാതെ, അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാർഡുകളിലെ 5000 ത്തോളം കുടുംബങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇതിനായുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
1.പദ്ധതി ചെലവ് : 13.98 കോടി
2.ദിവസവും 30 ലക്ഷം ലിറ്റർ വെള്ളം ലഭ്യമാകും
3. 5000 കുടുംബങ്ങൾക്കും പ്രയോജനം
കുടിവെള്ള പദ്ധതി സമർപ്പിക്കുന്നതോടെ മെഡിക്കൽ കോളേജിൽ ശുദ്ധജല ക്ഷാമം ഉണ്ടാകില്ല. അരുവാപ്പുലത്തെ കുടുംബങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് പദ്ധതി വൈകാൻ കാരണം.
കെ.യു. ജനീഷ് കുമാർ : എം.എൽ.എ