കോന്നി : ഗവ.മെഡിക്കൽ കോളേജിൽ നൂറ് കിടക്കകളോടുകൂടി കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഫെബ്രുവരി എട്ടിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിർവ്വഹിക്കും. ആവശ്യമായ കട്ടിലും കിടക്കകളും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ നിന്ന് എത്തിച്ചു. ഉടൻ ഐ.സി.യു ബെഡ്, ഫർണിച്ചറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ എത്തിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായ പരിരക്ഷ ഉറപ്പുവരുത്താൻ കാരുണ്യ കിയോസ്‌ക് ആശുപത്രി കവാടത്തിൽ സ്ഥാപിച്ചു. ആശുപത്രിക്കുള്ളിൽ കാരുണ്യ ഫാർമസി ആരംഭിക്കും. ബി.എസ്.എൻ.എൽ ടവറിന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ബി.എസ്.എൻ.എലുമായി കരാർ ഒപ്പിടും. ഹൈടെൻഷൻ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള 2.4 കോടി രൂപ കെ.എസ്.ഇ.ബിക്ക് ഉടൻ കൈമാറും. എക്‌സറെ മെഷീൻ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ഓട്ടോ അനലൈസർ, അൾട്രാസൗണ്ട് സ്‌കാനർ തുടങ്ങിയവയും ഇതോടൊപ്പം എത്തും.
ദന്തരോഗ വിഭാഗം തുടങ്ങും
ദന്തരോഗ വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും. അടുത്ത മാസം ആദ്യം ഇതിന്റെ ഒ.പി പ്രവർത്തനം തുടങ്ങും. ദന്തൽ ചെയർ ഉടൻ എത്തിക്കും.
ഒ.പി വിപുലീകരിക്കും
നിലവിൽ ഓഫീസ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന ഭാഗം കൂടുതൽ ഒ.പി. ആരംഭിക്കുന്നതിനായി വിട്ടുകൊടുത്തു. ഓഫീസ് പ്രവർത്തനത്തിന് സ്ഥലം കണ്ടെത്തി ഫർണിഷിംഗ് ജോലികൾ പൂർത്തിയാക്കി.
ആരോഗ്യ മന്ത്രിയുടെ ഓഫീസ് നിരന്തരമായി പ്രവർത്തനങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മുഖ്യമന്ത്രിയും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് തേടുന്നുണ്ട്. സർക്കാർ നൽകുന്ന പിന്തുണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായകരമാണ്.
കെ.യു. ജനീഷ് കുമാർ : എം.എൽ.എ