മല്ലപ്പള്ളി : എസ്.ഡി.പി.ഐയുടെ പിന്തുണ ലഭിച്ചതിനെ തുടർന്ന് എൽ.ഡി.എഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഉപേക്ഷിച്ച കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി തുടരുന്നു. എൻ.ഡി.എ 5, എൽ.ഡി.എഫ് 5, യു.ഡി.എഫ് 2, എസ്.ഡി.പി.ഐ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ .. എൽ.ഡി.എഫിന് വോട്ടുനൽകിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എസ്.ഡി.പി.ഐയുടെ വോട്ട് ലഭിക്കാതിരുന്നെങ്കിൽ എൻ.ഡി.എയും എൽ.ഡി.എഫും സമനിലയിൽ വരികയും നറുക്കെടുപ്പ് നടത്തുകയും ചെയ്യുമായിരുന്നു. പിന്തുണ ലഭിച്ച് പ്രസിഡന്റ് ചുമതലയേറ്റശേഷം മണിക്കൂറുകൾക്കുള്ളിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചിരുന്നു. പിന്നീട് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ഒന്നാം വാർഡിൽ നിന്ന് വിജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കെ.ആർ കരുണാകരനാണ് ഭരണ നിർവഹണം നടത്തുന്നത്. മല്ലപ്പള്ളി സബ് രജിസ്ട്രാറാണ് വരണാധികാരി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് വന്നാലുടൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തും.