കലഞ്ഞൂർ: കൂടൽ വില്ലേജിലെ കാരക്കാകുഴിയിൽ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പാറമട തുടങ്ങാൻ ചിലർ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതിൽ നാട്ടുകാർക്ക് ആശങ്ക. കലഞ്ഞൂർ പഞ്ചായത്തിൽ ഇനിയൊരു പാറമട വേണ്ടെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിലപാടെങ്കിലും സർക്കാരിന് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് അദാനി ഗ്രൂപ്പിന് അനുകൂലമാകുമെന്ന സംശയമുണ്ട്. പാറമട നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പൊതുജനങ്ങളിൽ നിന്ന് ആക്ഷേപവും അഭിപ്രായവും പൊതുഹിയറിങ്ങിലൂടെ സംസ്ഥാന മലിനീകരണ നിയന്ത്രണ വകുപ്പ് ശേഖരിച്ചത്. ഇതിൽ നാട്ടുകാർ അഭിപ്രായം പറയുന്നതിന് ഇടയ്ക്ക് കയറി പാറമട ആവശ്യമാണെന്ന് ചിലർ പറഞ്ഞതാണ് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന് കാരണമായത്. ഹിയറിങ്ങിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ജനപ്രതിനിധികളും ഇനിയൊരു പാറമട കൂടി കലഞ്ഞൂർ പഞ്ചായത്തിൽ വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നു.
20 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ക്വാറി വരുന്നതിനെതിരെ ഒരുമിച്ച് ഒപ്പിട്ട് പ്രമേയം പാസാക്കി. നിലവിൽ ഒൻപത് ക്വാറിയും നാല് വലിയ ക്രഷറും പ്രവർത്തിക്കുന്ന പഞ്ചായത്തിൽ ജനങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളെയാണ് നേരിടുന്നത്. പുതിയ ക്വാറിയല്ല, നിലവിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റിയും ആഘാതത്തെപ്പറ്റിയും പഠനമാണ് നടത്തേണ്ടതെന്ന ആവശ്യമാണ് ഹിയറിംഗിൽ ഉയർന്നത്.
അദാനി പോർട്ടിനു വേണ്ടിയുള്ള ഖനനത്തിന് അനുമതി നേടിയെടുക്കാൻ ഗുണ്ടാ പ്രവർത്തനവും നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
- ജനങ്ങളെ വെല്ലുവിളിക്കുന്നു
പുതിയ പാറമടക്കുള്ള സർക്കാരിന്റെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാറമടയ്ക്ക് എതിരെ കത്തുകൊടുക്കുന്ന കോന്നി എം.എൽ.എ എന്തുകൊണ്ട് മുഖ്യമന്ത്രിയോടു പറയാൻ മടിക്കുന്നു. ഇരയുടേയും വേട്ടക്കാരന്റേയും ഒപ്പം നിൽക്കുന്ന എം.എൽ.എയുടെ സമീപനം ജനം തിരിച്ചറിഞ്ഞു.
ബാബു ജോർജ്ജ്,
ഡി.സി.സി പ്രസിഡന്റ്
- പാറമട അനുവദിക്കരുത്
കോന്നി : കലഞ്ഞൂർ പഞ്ചായത്തിൽ പുതിയ പാറമട സ്ഥാപിക്കരുത്. പാറമട തുടങ്ങാനുള്ള അപേക്ഷ ലഭിച്ചതിനെ തുടർന്ന് തെളിവെടുപ്പിനെത്തിയ പരിസ്ഥിതി സമിതി മുമ്പാകെ ഇത് സംബന്ധിച്ച് രേഖാമൂലം കത്ത് നല്കിയിട്ടുണ്ട്.
ജനവാസ മേഖലയിൽ പാറമട സൃഷ്ടിക്കുന്ന ആഘാതം ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കും. പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന ഈ മേഖല പൈതൃക ഭൂമിയായി സംരക്ഷിക്കപ്പെടേണ്ടതാണ്.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ