sugathakumari
കവയിത്രി സുഗതകുമാരിയുടെ ആറന്മുള വാഴുവേലിൽ തറവാടിന്റെ സമർ‍പ്പണത്തിനോടനുബന്ധിച്ച് പ്രത്യേകതറയിൽ മന്ത്രി രാമചന്ദ്രൻ ‍ കടന്നപ്പള്ളി ആൽമരം നടന്നു

ആറന്മുള : മഹത്തായ പൈതൃകത്തിന്റെ ശേഷിപ്പുകൾ നൈസർഗികമായ ഭാവങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുമെന്ന് പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കിയ കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ വാഴുവേലിൽ തറവാട് സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൗരാണികതയുടെ ആത്മസ്പർശം വാഴുവേലിൽ തറവാടിന് ഏറെയുണ്ട്. സ്വാതന്ത്യസമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരനും കാർത്യായനിയമ്മയും ദീർഘകാലം താമസിച്ച് മഹാചൈതന്യം പരത്തിയ സ്ഥലമാണിത്. പ്രകൃതി സ്‌നേഹത്തിന്റെയും മാതൃത്വത്തിന്റെയും നേർക്കാഴ്ചയായിരുന്ന സുഗതകുമാരിയുടെ ചൈതന്യം എന്നും ഈ തറവാട്ടിനുണ്ടാകും. ഇത്തരത്തിൽ 150 ഓളം പൈതൃക സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചരിത്രനായകരെ വിസ്മരിക്കാൻ പാടില്ലെന്ന സർക്കാർ നിലപാടിന്റെ ഉദാഹരണമാണ് വാഴുവേലിൽ തറവാടിന്റെ സംരക്ഷണത്തിലുടെ തെളിയിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സുഗതകുമാരിയുടെ മകൾ ലക്ഷ്മിദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവർ പങ്കെടുത്തു.